യൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു ! ബ്രിട്ടനെ പിന്നിലാക്കി ഓസ്ട്രിയയും ബെല്‍ജിയവും;ജര്‍മനിയില്‍ കാര്യങ്ങള്‍ അതിരൂക്ഷം…

യൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള യൂറോപ്യന്‍ രാജ്യം എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാവുകയും ചെയ്തു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണത്തില്‍ ഓസ്ട്രിയയും ബെല്‍ജിയവും അയര്‍ലന്‍ഡും ബ്രിട്ടനെ മറികടന്ന് കുതിക്കുകയാണ്.

സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്നതോടെ ബ്രിട്ടനിലെ രോഗവ്യാപനതോത് കുതിച്ചുയരുകയായിരുന്നു ഇതാണ് ബ്രിട്ടനെ പശ്ചിമയൂറോപ്പിലെ കോവിഡിന്റെ തലസ്ഥാനമാക്കി മാറ്റിയത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ വളരെയധികം രോഗപരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നതുകൊണ്ടാണ് ബ്രിട്ടനില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാകുന്നതെന്ന് അന്നേ സര്‍ക്കാര്‍ ഉപദേഷ്ടാക്കളടക്കം നിരവധി ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളിലും നിര്‍ബന്ധിത മാസ്‌ക് ധാരണം, വര്‍ക്ക് ഫ്രം ഹോം, വാക്‌സിന്‍ പാസ്സ്‌പോര്‍ട്ട് തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് മറ്റൊരു ഗൗരവകരമായ കാര്യം. എന്നിട്ടും ഇവിടെ രോഗവ്യാപനതോത് കുതിച്ചുയരുകയാണ്.

ജര്‍മ്മനിയില്‍ ഇന്നലെ ഏറ്റവും വലിയ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തി. നാലാം തരംഗം പൂര്‍ണ്ണ ശക്തിയോടെ രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നായിരുന്നുാരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

യൂറോപ് വീണ്ടും മഹാമാരിയുടെ എപിസെന്ററായി മാറുകയണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. അതിവേഗ വാക്‌സിന്‍ പദ്ധതി നടപ്പാക്കി മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍പില്‍ എത്താന്‍ കഴിഞ്ഞതാണ് ഇപ്പൊള്‍ ബ്രിട്ടന് സഹായകരമായി വന്നിരിക്കുന്നത്.

എന്നാല്‍, വാക്‌സിന്‍ നല്‍കിയ പ്രതിരോധശേഷി ക്ഷയിക്കുവാന്‍ തുടങ്ങിയതോടെ ബ്രിട്ടനില്‍ വീണ്ടും രോഗവ്യാപനം വര്‍ദ്ധിച്ചിരുന്നു.

എന്നാല്‍, ബൂസ്റ്റര്‍ ഡോസ് എത്തിയതോടെ വീണ്ടും വ്യാപനം നിയന്ത്രണത്തിലാക്കുവാന്‍ കഴിഞ്ഞു. ഇതോടെ തുടര്‍ച്ചയായി രോഗവ്യാപനതൊതില്‍ ഇടിവ് ദൃശ്യമാകാന്‍ തുടങ്ങി.

അതേസമയം, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ആസ്ട്രിയ, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ രോഗവ്യാപനതോതില്‍ ബ്രിട്ടനെ മറികടന്നപ്പോള്‍ ജര്‍മ്മനിയിലും നെതര്‍ലന്‍ഡ്‌സിലും ഡെന്മാര്‍ക്കിലും ഐസ്ലാന്‍ഡിലും രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്.

പൊതു ഇടങ്ങളിലും അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഹൈ ഗ്രേഡ് എഫ് എഫ് പി 2 മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയ ഓസ്ട്രിയയില്‍ ഇപ്പോള്‍ പത്തുലക്ഷം പേരില്‍ 674 രോഗികള്‍ എന്നതാണ് കണക്ക്.

ഒരു നിയന്ത്രണവുമില്ലാത്ത ബ്രിട്ടനിലാകട്ടെ ഇത് പത്തുലക്ഷം പേരില്‍ 574 രോഗികള്‍ എന്നാണ്. അതായത്, നിയന്ത്രണങ്ങളേറെ ഉണ്ടായിട്ടും ഓസ്ട്രിയയില്‍ രോഗവ്യാപനതോത് ബ്രിട്ടന്റേതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്.

സമാനമായ രീതിയില്‍ ബെല്‍ജിയവും അയര്‍ലാന്‍ഡും രോഗവ്യാപനതോതില്‍ ബ്രിട്ടന് മുന്‍പിലെത്തിയിരിക്കുകയാണ്.ബെല്‍ജിയത്തില്‍ പത്തുലക്ഷം പേരില്‍ 634 രോഗികളുള്ളപ്പോള്‍ അയര്‍ലാന്‍ഡില്‍ ഇത് 580 ആണ്.

ഈ രണ്ടു രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പലയിടങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതുപോലെ വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. ഇവയ്ക്ക് പുറമെയാണ് ജര്‍മ്മനി ഉള്‍പ്പടെയുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും രോഗവ്യാപനം കുതിച്ചുയരുന്നത്.

അതേസമയം ബ്രിട്ടനില്‍ തുടര്‍ച്ചയായി രോഗവ്യാപനതോത് താഴേക്ക് വരികയാണ്. ഇന്നലെ 34,029 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചത്.

Related posts

Leave a Comment