കൗമാരക്കാരെ അപകടത്തില്‍ ചാടിക്കുന്ന ചലഞ്ചുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി! നാവു കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുന്ന കൗ കിസ്സിംഗ് ചലഞ്ച്; അപകടകരമെന്ന് മുന്നറിയിപ്പുമായി സര്‍ക്കാര്‍

കൗമാരക്കാരെയും യുവാക്കളെയും അപകടത്തിലേക്ക് നയിക്കുന്ന നിരവധി ചലഞ്ചുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയുണ്ടായിട്ടുണ്ട്. ഐസ്ബക്കറ്റ് ചലഞ്ച്, കീകീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് പോലുള്ള ചലഞ്ചുകള്‍ പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് ആളുകളെ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ ചലഞ്ചായി മാറിയിരിക്കുകയാണ് കൗ കിസ്സിംഗ് ചലഞ്ച്.

സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്. സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്.

നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഈ ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നതും.

Related posts