41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…

മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു.

ഫത്തേഹാബാദ് തൊഹാനയില്‍ ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്.

കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്‍പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം.

തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു.

പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ് സിസാര്‍, രവി ആസാദ് എന്നീ നേതാക്കളെ വിട്ടയക്കാമെന്ന് ജില്ലാ ഭരണകൂടം സമ്മതം മൂളിയത്.

സ്റ്റേഷനിലുള്ള പശുവിന് ഭക്ഷണവും വെള്ളവും നല്‍കേണ്ട ചുമതല പോലീസുകാര്‍ക്കാണെന്ന് കര്‍ഷകര്‍ അറിയിച്ചു. ഒരു കുറിയ കുറ്റിയില്‍ കെട്ടിയിട്ട നിലയിലുള്ള പശുവിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

അറസ്റ്റിലായവരെ ഞായറാഴ്ച വൈകി ജാമ്യത്തില്‍ വിട്ടു. കര്‍ഷകരെ വിട്ടയച്ചതിന് പിന്നാലെ തിങ്കളാഴ്ച സമീപപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ വളയാനുള്ള പദ്ധതി സംയുക്ത കിസാന്‍ മോര്‍ച്ച ഉപേക്ഷിച്ചു.

ബിജെപി സഖ്യകക്ഷിയായ ജെജെപി എംഎല്‍എ ദേവേന്ദ്രസിങ് ബബ്‌ലിയുടെ വസതിയാണ് കര്‍ഷകര്‍ വളഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസംഘടനകള്‍ക്കെതിരെ മോശമായി സംസാരിച്ചതിന് കേസെടുക്കണമെന്ന് കര്‍ഷകര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

എംഎല്‍എ പിന്നീട് വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്തായാലും താന്‍ പ്രതിഷേധിക്കുകയാണോയെന്ന് പശു അറിയുന്നുണ്ടോ എന്തോ…

Related posts

Leave a Comment