കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ജന്മനാടാണ് വൈക്കം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയിച്ച വൈക്കം മണ്ഡലത്തില്‍ സി.കെ. ആശയ്ക്ക് സിപിഐ മൂന്നാമൂഴം നല്‍കുമോ എന്നത് വ്യക്തമായിട്ടില്ല. രണ്ടു തവണ വിജയിച്ചവരെ ഒഴിവാക്കാന്‍ 2021ല്‍ സിപിഐ സെക്രട്ടറിയായിരിക്കെ കാനം രാജേന്ദ്രന് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കി.
പീരുമേട്ടില്‍ തുടരെ രണ്ടു തവണ വിജയിച്ച ഇ.എസ്. ബിജിമോള്‍ പരസ്യമായി പാര്‍ട്ടി നിലപാടിനെ അന്നു വിമര്‍ശിച്ചിരുന്നു. മാത്രമല്ല സിപിഐയിലെ മുന്‍നിര നേതാവായ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കാതെ മാറിനില്‍ക്കേണ്ടിവന്നു.ഇത്തവണ സി.കെ. ആശയ്ക്ക് മൂന്നാമതും സീറ്റ് നല്കിയാല് ബിജിമോള്‍ സിപിഐ വിടുമെന്നാണ് സൂചന. അതേസമയം പീരുമേട്ടില്‍ ബിജിമോളെ പരിഗണിച്ചേക്കുമെന്നും സംസാരമുണ്ട്.
സിപിഐയുടെ മൂന്നാമൂഴം ഒഴിവാക്കല്‍ നയം 2021ല്‍ സിപിഎമ്മിലും ഭാഗികമായി നടപ്പാക്കി. എന്നാല്‍ പിണറായി വിജയനും കെ.കെ. ശൈലജയ്ക്കും മൂന്നാമൂഴം മത്സരിക്കുന്നതില്‍ പാര്‍ട്ടിനയം തടസമായില്ല. ജില്ലയില്‍ രണ്ടു തവണ ഒഴികെ എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചുവരുന്ന മണ്ഡലമാണ് വൈക്കം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ച മണ്ഡലവും വൈക്കമാണ്.
സിപിഐയ്ക്ക് സ്ഥിരമായി നല്കുന്ന വൈക്കം പട്ടികജാതി സംവരണസീറ്റില്‍ ഇത്തവണ സ്ഥാനാര്‍ഥി ആരെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ സിപിഐയ്ക്കുള്ളില്‍ വിവിധ പ്രദേശങ്ങളില്‍ വിഭാഗീയതയും രാജിയും പതിവായിരുന്നു. അടുത്തയിടെ ഒരുനിര പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതും വിഭാഗീയതയുടെ ഭാഗമായാണ്.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയാണ് സി.കെ. ആശയെ 2021ല്‍ വൈക്കം നിയമസഭയിലേക്കയച്ചത്. 2016 ലെ ആദ്യ മത്സരത്തില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷമുയര്‍ത്തിയാണ് 2021 ല്‍ ആശ വീണ്ടും വിജയിച്ചത്. 2016ല്‍ ആശയ്ക്ക് 24,584 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 2021 ല്‍ കിട്ടിയത് 26,242 ഭൂരിപക്ഷം. സിപിഐയ്ക്ക് ജില്ലയില്‍ മുന്നണി നല്കുന്ന ഏക മണ്ഡലമാണു വൈക്കം.
കാഞ്ഞിരപ്പള്ളി മണ്ഡലം സിപിഐയില്‍നിന്നെടുത്ത് 2021ല്‍ കേരള കോണ്‍ഗ്രസ് മാണിക്കു കൊടുത്തതില്‍ അന്ന് സിപിഐ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വി.ബി. ബിനുവിനെയാണ് സിപിഐ കാഞ്ഞിരപ്പള്ളിയില്‍ അന്നു പരിഗണിച്ചിരുന്നത്.
