ഉപ്പുതറ: വേനലിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഉപ്പുതറയിൽ ജല അഥോറിറ്റി കുടിവെള്ളം പാഴാക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. ഉപ്പുതറ കൊച്ചുപാലത്തിനു സമീപമാണ് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നത്. കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉപ്പുതറ കൊച്ചുപാലത്തിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. ചെറിയ രീതിയിൽ പൈപ്പ് പൊട്ടിയപ്പോൾത്തന്നെ ജല അഥോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പൊട്ടലിന്റെ വ്യാപ്തികൂടി കൂടുതൽ വെള്ളം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി. സമീപത്തെ വ്യാപാരി ചണച്ചാക്കിട്ടാണ് പുറത്തേക്ക് തെറിക്കുന്ന വെള്ളം തടയുന്നത്.
ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുടിവെള്ളം പാഴാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാലഹരണപ്പെട്ട പൈപ്പാണ് ഇന്നും ജലവിതരണത്തിന് ഉപയോഗിക്കുന്നത്. പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
