കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാന്‍ സമയമായിട്ടില്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്.
കാലിക്കട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ കഴിയില്ല. ആരോപണവിധേയനായാല്‍ ഒരാള്‍ കുറ്റവാളി ആകുന്നില്ല. അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടണം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു കുറ്റവാളിയേയും രക്ഷപ്പെടാന്‍ സമ്മതിക്കില്ലെന്നും കുറ്റവാളിക്കള്ക്കെതിരാണ് എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര പ്രാധാന്യമുള്ള വിധിക്ക് തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ്. മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരാന്‍ തയ്യാറെടുക്കുകയാണ്.
ഇനിയും അധികാരത്തില്‍ വരുമ്പോള്‍ കൂടുതല്‍ ശക്തമായ വികസനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. വരാന്‍ പോവുന്ന അഞ്ചു വര്‍ഷം 20 ലക്ഷം സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
