അശ്വിന്റെ ബാറ്റിംഗില്‍ ഇന്ത്യ ലീഡിലേക്ക്

aswin1മൊഹാലി: സ്പിന്‍ ആക്രമണത്തിനു അതേ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയില്‍ ലീഡിനായി പൊരുതുകയാണ്. തകര്‍ച്ചയിലേക്കു കുപ്പുകുത്തുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് പിടിച്ചു നിര്‍ത്തിയത്. അശ്വിന്‍ 57 റണ്‍സോടെയും ജഡേജ 31 റണ്‍സോടെയും ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 283 മറികടക്കണമെങ്കില്‍ ഇനി 12 റണ്‍സ്കൂടി വേണം.

രണ്ടാം ദിനം എട്ടിന് 268 റണ്‍സെന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ട് വലിയ പ്രതിരോധമൊന്നും കൂടാതെ നാലു ഓവറുകള്‍ക്കുള്ളില്‍ കീഴടങ്ങി. ആദില്‍ റഷീദിനെയും ഗാരത് ബാറ്റിയെയും മുഹമ്മദ് ഷാമി പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 283ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗനിറങ്ങിയ ഇന്ത്യ മെല്ലെയാണ് തുടങ്ങിയത്. കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ മുരളി വിജയ്‌ക്കൊപ്പം ഓപ്പണിംഗില്‍ എത്തിയത് എട്ടു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് കുപ്പായം അണിഞ്ഞ പാര്‍ഥിവ് പട്ടേല്‍ ആയിരുന്നു. ആദ്യ ഓവറുകളില്‍ പിടിച്ചുനിന്ന വിജയ് (12) സ്‌റ്റോക്‌സിനു മുന്നില്‍ വീണു. വിക്കറ്റ്കീപ്പര്‍ ബെയര്‍സ്‌റ്റോയ്ക്കു ക്യാച്ച്. അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും തന്റെ ബാറ്റില്‍ കൊണ്ടെന്ന് ഉറപ്പായിരുന്ന വിജയ് സ്വയം മടങ്ങി. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം പാര്‍ഥിവ് സ്‌കോര്‍ ഉയര്‍ത്തി. മികച്ച ഷോട്ടുകളുമായി അവസരത്തിനൊത്തുയര്‍ന്ന പാര്‍ഥിവിനെ ഇന്ത്യന്‍ സ്‌കോര്‍ 73ല്‍ നില്‍ക്കുമ്പോള്‍ ആദില്‍ റഷീദ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 85 പന്തുകളില്‍ നിന്നും 42 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ നേടിയത്. പരമ്പരയില്‍ ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിയും പൂജാരയും ഒന്നിച്ചതോടെ കളി ഇന്ത്യയുടെ കൈപ്പിടിയിലായി. തുടര്‍ച്ചയായ മെയ്ഡന്‍ ഓവറുകളിലൂടെ റഷീദ് ഇരുവരെയും വിഷമിപ്പിച്ചു. കളി മുന്നോട്ടു പോകുന്നതിനിടെ 35 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പൂജാരയെ പുറത്താക്കാന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അവസരം കിട്ടിയെങ്കിലും ബെയര്‍സ്‌റ്റോയ്ക്കു മുതലാക്കാനായില്ല.

poojaraനൂറ് പന്തുകളില്‍ പൂജാര അര്‍ധശതകത്തിലേക്കെത്തി. വിശാഖപട്ടണത്ത് പരമ്പരയിലെ രണ്ടാം സെഞ്ചുറി സിക്‌സര്‍ നേടി സ്വന്തമാക്കിയ പൂജാരയ്ക്കു മൊഹാലിയില്‍ പിഴച്ചു. റഷീദിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ക്രിസ് വോക്‌സിന്റെ കൈകളില്‍ അവസാനിച്ചു. 104 പന്തുകളില്‍നിന്നായിരുന്നു പൂജാര 51 സ്വന്തമാക്കിയത്. അടുത്ത ഊഴം അജിങ്ക്യ രഹാനെയുടേതായിരുന്നു. പരമ്പരയില്‍ ഇതുവരെയും തിളങ്ങാനാകാത്ത രഹാനെ ആറ് പന്ത് തട്ടിയെങ്കിലും സംപൂജ്യനായി റഷീദിനു മുന്നില്‍ കീഴടങ്ങി. ഈ വിക്കറ്റ് വീഴ്ച നായകന്‍ കോഹ്ലിയിലും നിരാശ ഉണ്ടാക്കി. കെ.എല്‍. രാഹുലിനു പകരം ടെസ്റ്റില്‍ അവസരം ലഭിച്ച കരുണ്‍ നായര്‍ക്കു ആദ്യ ടെസ്റ്റില്‍ നിര്‍ഭാഗ്യം പിന്തുടര്‍ന്നു. ജോസ് ബട്‌ലറിന്റെ കിറുകൃത്യം ത്രോയില്‍ കരുണ്‍ റണ്‍ ഔട്ടായി മടങ്ങി. സമ്പാദ്യം നാലു പന്തില്‍ നാലു റണ്‍സ്. അശ്വിന്‍ എത്തിയതോടെ കോഹ്ലിക്കും ആത്മവിശ്വാസമായി. വന്‍ തകര്‍ച്ചയില്‍നിന്ന് ഇരുവരും ഇന്ത്യയെ കരകയറ്റാന്‍ തുടങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ 111 പന്തുകളില്‍ 50 റണ്‍സിലേക്കെത്തി. അശ്വിന്‍ ആക്രമിച്ചു കളിച്ചതോടെ 10 ഓവറുകളില്‍ ഇരുവരും ചേര്‍ന്നു 48 റണ്‍സിന്റെ സഖ്യമുണ്ടാക്കി. ഇന്ത്യ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനകള്‍ കാണിച്ചതോടെ അലിസ്റ്റര്‍ കുക്ക് പന്തു വീണ്ടും സ്‌റ്റോക്‌സിനെ ഏല്‍പ്പിച്ചു. അതിനു ഫലവും പെട്ടെന്നു കിട്ടി. ഓഫ് സ്റ്റമ്പിനു പുറത്തു വന്ന പന്ത് തേര്‍ഡ് മാനിലേക്കു കളിക്കാനുള്ള കോഹ്ലിയുടെ ശ്രമം പിഴച്ചു. ബെയര്‍സ്‌റ്റോയ്ക്കു ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ മടങ്ങിയതോടെ ഇന്ത്യ ലീഡ് വഴങ്ങാനുള്ള സാധ്യത വര്‍ധിച്ചു. 127 പന്തുകളില്‍നിന്ന് ഒമ്പത് ഫോറുകള്‍ പായിച്ചു 62 റണ്‍സാണു കോഹ്ലി നേടി യത്.

എന്നാല്‍, ബൗളിംഗില്‍ ഇന്ത്യയുടെ സ്പിന്‍ ജോഡികളായ അശ്വിനും ജഡേജയും ബാറ്റിംഗിലും മികച്ച രീതിയില്‍ മുന്നേറി. ഇതോടെ ഇന്ത്യ അവസാന സെഷനുകളില്‍ ചെറുത്തും ആക്രമിച്ചും കളിച്ചു. 82 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്ത അശ്വിനും 59 പന്തുകളില്‍ നിന്നും 31 റണ്‍സുമായി ജഡേജയുമാണു ക്രീസില്‍. 12 റണ്‍സ് കൂടി നേടിയാല്‍ ലീഡ് നേടാമെന്നിരിക്കേ ഇന്ന് ഭേദപ്പെട്ട ലീഡ് സ്വന്തമാക്കാനായാല്‍ ഈ ടെസ്റ്റിലും ഇന്ത്യക്കു വിജയമാവര്‍ത്തിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടിനായി റഷീദ് മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്‌റ്റോക്‌സ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 283

ഇന്ത്യ ബാറ്റിംഗ്

വിജയ് സി ബെയര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ് 12, പാര്‍ഥീവ് എല്‍ബിഡബ്ല്യൂ ബി റഷീദ് 42, പൂജാര സി വോക്‌സ് ബി റഷീദ് 51, കോഹ്ലി സി ബെയര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ് 62, രഹാനെ എല്‍ബിഡബ്ല്യു ബി റഷീദ് 0, കരുണ്‍ നായര്‍ റണ്‍ ഔട്ട് (ബട്ട്‌ലര്‍) 4, അശ്വിന്‍ നോട്ടൗട്ട് 57, ജഡേജ നോട്ടൗട്ട് 31. എക്‌സ്ട്രാസ് 12. ആകെ 84 ഓവറില്‍ ആറ് വിക്കറ്റിന് 271

ബൗളിംഗ്

ആന്‍ഡേഴ്‌സണ്‍ 16–3–36–0, വോക്‌സ് 15–5–47–0, മോയിന്‍ അലി 9–1–19–0, റഷീദ് 24–4–81–3, സ്‌റ്റോക്‌സ് 15–2–48–2, ബാറ്റി 5–0–29–0

Related posts