ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം ഒരു ജയില്‍ ഉദ്യോഗസ്ഥ സൗമ്യയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു, ഒരു പരിചയവുമില്ലാത്ത സൗമ്യയെ എന്തിന് മാറ്റിനിര്‍ത്തി ഇത്ര നേരം സംസാരിക്കണം, എല്ലാം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എത്തുന്നു

കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെയും അനുബന്ധ സംഭവങ്ങളുടേയും അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. കൂട്ടക്കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ചതു സംബന്ധിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സൗമ്യയുടെ ആത്മഹത്യാ കുറിപ്പിലും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. ‘അവന്‍’ എന്നു പറഞ്ഞ് ഒരാളെക്കുറിച്ച് ഡയറിക്കുറിപ്പുകളില്‍ ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടുള്ള സൗമ്യ താനല്ല കൂട്ടക്കൊല നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു. സൗമ്യ ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം ഒരു ജയില്‍ ഉദ്യോഗസ്ഥ സൗമ്യയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.കൂടാതെ സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിലില്‍ സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സൗമ്യയുടെ ആത്മഹത്യക്ക് പിന്നിലും ഏറെ ദുരൂഹതകളുള്ളതായി ആക്ഷന്‍ കമ്മറ്റി ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബഹ്റ ഇന്നലെ പുറപ്പെടുവിച്ചു. അന്വേഷണ സംഘത്തെ ഉടന്‍ നിശ്ചയിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് രാഷ്ട്രദീപികയോട് പറഞ്ഞു. കൂട്ടക്കൊലപാതകവും സൗമ്യയുടെ ആത്മഹത്യയും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റ് പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും നാട്ടുകാരും ആദ്യം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സംശയമുയരുകയും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് സംശയങ്ങള്‍ പറയുകയും ജില്ലാ പോലീസ് ചീഫിനുള്‍പ്പെടെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ലെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊലപാതകവും പ്രതിയുടെ ആത്മഹത്യയും സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന കൂട്ടക്കൊലപാതക കേസുകളിലെ മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയ സംഭവവും ഇതിനിടയില്‍ അരങ്ങേറി. കേസിലെ സുപ്രധാന തെളിവായ കോള്‍ ഡാറ്റാ റെക്കോര്‍ഡ്സ് പോലും വയ്ക്കാതെയാണ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. വേണ്ടത്ര രേഖകളില്ലെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. തുടര്‍ന്ന് വേണ്ടത്ര രേഖകകളോടെ കുറ്റപത്രങ്ങള്‍ തലശേരി സിഐ എം.പി ആസാദ് സമര്‍പ്പിക്കുകയായിരുന്നു. സൗമ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പായിട്ടാണ് മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയത്. ഇവ വീണ്ടും സമര്‍പ്പിക്കാന്‍ പോലീസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.

Related posts