മനുഷ്യനെ കൊന്നു തിന്ന കൂറ്റന്‍ മുതലയെ പിടികൂടി; വയറ്റില്‍ നിന്നും കിട്ടിയത് നിരവധി മനുഷ്യശരീരാവശിഷ്ടങ്ങള്‍; മുതലയ്ക്ക് 21 അടി നീളം…

നരഭോജിയായ മുതലയെ ഇന്തോനേഷ്യയില്‍ പിടികൂടി. ബാലിക്പാപന്‍ മേഖലയിലില്‍ നിന്നു പിടികൂടിയ കൂറ്റന്‍ മുതലയുടെ വയറ്റില്‍ നിന്നുമാണ് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്നു കാണാതായ ഒരാളുടേതെന്നു സംശയിക്കുന്ന കാലും കൈകളുമാണ് 21 അടി നീളമുണ്ടായിരുന്ന മുതലയുടെ വയറ്റിലുണ്ടായിരുന്നത്. കൈകാലുകള്‍ നഷ്ടപ്പെട്ട രീതിയില്‍ ഇയാളുടെ മൃതദേഹം പിന്നീട് നദിക്കരിയിലെ എണ്ണപ്പനത്തോട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

മുപ്പത്തിയാറുകാരനായ ആന്‍ഡി അസോ എറാങ്ങിനെയാണ് മുതല പിടികൂടിയത്. ഇയാളെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പൊലീസും വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ആറ് മീറ്റര്‍ നീളമുള്ള മുതലയെ നദീതീരത്ത് കണ്ടെത്തിയത്. മുതലയെ വെടി വച്ചു കൊന്ന ശേഷം വയറ് കീറി നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.

രണ്ടു ദിവസം മുമ്പാണ് ഇയാളെ കാണാതായത്. ഇയാളുടെ ബൈക്കും ചെരിപ്പും നദിക്കരയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുതല ആക്രമിച്ചിരിക്കാമെന്ന നിഗമനത്തിലെത്തിയത്. ഇയാളുടെ ശരീരഭാഗങ്ങളില്‍ ചിലത് നദിയില്‍ ഒഴുകി നടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. നദിയിലിറങ്ങിയപ്പോഴാവാം ഇയാളെ മുതല പിടിച്ചതെന്നാണ് അധികൃതരുടെ നിഗമനം. നദിയില്‍ നിന്ന് ലഭിക്കുന്ന കക്ക ഇടയ്ക്ക് ഇയാള്‍ ഭക്ഷണത്തിനായി കൊണ്ടുവാരാറുണ്ടായിരുന്നതായി ആന്‍ഡിയുടെ ഭാര്യ പറഞ്ഞു. കക്ക ശേഖരിക്കാനായിട്ടാകും ഇയാള്‍ നദിയിലിറങ്ങിയതെന്നാണു കരുതുന്നത്. ഇന്തോനേഷ്യയില്‍ പിടികൂടിയതില്‍ വച്ചേറ്റവും വലിയ മുതലകളില്‍ ഒന്നാണിത്.

Related posts