നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ; നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം.

അങ്കമാലി കോടതിയിൽ വച്ച് നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ എന്നും പിന്നെ എന്തിനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ ക്രിമിനൽ നടപടി ചട്ടങ്ങൾപ്രകാരം കേസിലെ തെളിവുകൾ ലഭിക്കുവാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ മുഖ്യതെളിവാണ്. അങ്കമാലി കോടതിയിൽ വച്ച് കണ്ടപ്പോൾ ദൃശ്യങ്ങളിൽ ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. എന്നാൽ പോലീസ് ഇതേക്കുറിച്ച് അന്വേഷണം ഒന്നും നടത്തിയില്ല. കേസിലെ ചില വസ്തുതകൾ പോലീസ് മറിച്ചുവയ്ക്കുകയാണെന്നും അതിനാൽ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു.

കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. വിചാരണ വേളയിൽ തന്‍റെ വാദങ്ങൾ നിരത്താൻ പ്രതിക്ക് പ്രധാന തെളിവ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് പറയുന്നതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശം എത്തുന്നത് ഇരയ്ക്ക് അപകീർത്തിയുണ്ടാകാൻ കാരണമാകുമെന്നും ദൃശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.

Related posts