ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്.

ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്.

അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്.

സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്‍ പകര്‍ത്തിയിട്ടുണ്ട്.

സംപ്രേഷണം നിര്‍ത്തി വെക്കാതിരുന്നതിനാല്‍ സംഭവത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരും ഇതു കണ്ടു.

ഇതിനിടയില്‍ റിപ്പോര്‍ട്ടറുമായുള്ള ബന്ധം നഷ്ടമായെന്നും ഉടന്‍ തിരിച്ചു വരാമെന്നും പറഞ്ഞ് വാര്‍ത്താ അവതാരക തടി തപ്പുകയായിരുന്നു.

ഏറെ പണിപ്പെട്ടതിന് ശേഷമാണ് നായയുടെ വായില്‍ നിന്നും നടേസ്ഡക്ക് മൈക്ക് തിരിച്ചുവാങ്ങാനായത്. എന്തായാലും വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്.

Related posts

Leave a Comment