കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യം! ജിഫ് ഇമേജില്‍ വന്ന ഡവ് ലോഷന്റെ പരസ്യം ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; ഒടുവില്‍ മാപ്പ് പറഞ്ഞ് ഡവ് തടിതപ്പി

കറുപ്പ് നിറത്തെ അപമാനകരവും അപഹാസ്യവുമായതും വെളുപ്പ് നിറത്തെ സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടുമാണ് സമൂഹം കണ്ടുവരുന്നത്. സോപ്പുകളുടെയും പൗഡറുകളുടെയുമൊക്കെ പരസ്യങ്ങളാണ് പലപ്പോഴും ഇത്തരത്തിലുള്ള ആശയങ്ങള്‍ സമൂഹത്തില്‍ പടരാനും പതിയാനും കാരണമായിട്ടുള്ളത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പ്രശസ്തരായ പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ ആശയം വ്യക്തമാക്കികൊണ്ടുള്ള പരസ്യങ്ങള്‍ ധാരാളമിറങ്ങുന്നുണ്ട്. സമാനമായ ഒരു പരസ്യം പുറത്തിറക്കി വിവാദത്തില്‍ പെട്ടിരിക്കുകയാണ് പ്രശസ്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാതാക്കളായ ഡവ്.

കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പോസ്റ്റ് ചെയ്ത ഡവ് ഒടുവില്‍ പരസ്യമായി മാപ്പുപോലും പറയേണ്ടതായി വന്നു. കറുപ്പ് നിറം മാറ്റി വെളുത്ത നിറം വരുത്താന്‍ എന്ന ലേബലില്‍ ഡവിന്റെ പുതിയ ലോഷന്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുത്തിയിരുന്നു. ജിഫ് ഇമേജായി നല്‍കിയ പരസ്യം ഒടുവില്‍ വിവാദ വിഷയമായി. കറുത്ത നിറമുള്ള യുവതി ബ്രൗണ്‍ കളര്‍ ടീഷര്‍ട്ട് ഊരിമാറ്റുമ്പോള്‍ ആസ്ഥാനത്ത് പിന്നെ കാണുന്നത് വെളുത്ത ടീഷര്‍ട്ട് അണിഞ്ഞ വെളുത്ത യുവതിയെ ആണ്.

കറുത്ത നിറത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ഡവിന്റെ ഈ വംശീയ അധിക്ഷേപ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വെളുത്ത നിറം മാത്രമാണ് മികച്ചതെന്ന് ഡവ് പരസ്യത്തിലൂടെ പറഞ്ഞ് വെച്ചതോടെ മോഡല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരടക്കം ഡവിനെതിരെ രംഗത്തെത്തി. ഇതോടെ ഗത്യന്തരമില്ലാതെ ഡവ് പരസ്യം പിന്‍വലിക്കുകയും ഫേസ്ബുക്കിലൂടെ മാപ്പ് പറയുകയുമായിരുന്നു. തങ്ങള്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Related posts