ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നു ! വാക്കുകളും അവതരണരീതികളുമെല്ലാം സ്വഭാവ വൈകല്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സൈക്കോളജിസ്റ്റ്…

തിരുവനന്തപുരത്ത് സ്ത്രീകളാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട യൂട്യൂബര്‍ ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നതെന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍.

‘യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പല സ്ത്രീകളേയും അദ്ദേഹം തന്റെ വീഡിയോയിലൂടെ അപമാനിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും, അവതരണരീതിയുമെല്ലാം പരിഗണിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരുപക്ഷേ അദ്ദേഹത്തില്‍ സ്വഭാവ വൈകല്യത്തിനുള്ള സാധ്യതയുണ്ട് എന്നതാണ്… കല മോഹന്‍ പറയുന്നു.

ഡോ.വിജയ് പി നായര്‍ താനൊരു സൈക്കോളജിസ്റ്റാണെന്നാണ് പറയുന്നത്. എന്നാല്‍ അതെത്ര മാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കല മോഹന്‍ പറയുന്നു.

”സൈബര്‍ സ്പെയ്സുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പൊടിപൊടിക്കുന്നു. ഇവരില്‍ എത്ര പേര്‍ ആധികാരികമായി കോഴ്സ് പാസായവും പരിചയസമ്പത്തുള്ളവരും ആണ്.

കണ്‍സള്‍ട്ടേഷന് പോകുന്ന പലരും ഇതൊന്നും അന്വേഷിക്കാറില്ല. ഇങ്ങനെയുള്ള വ്യാജന്മാരുടെ കയ്യില്‍പ്പെട്ട് മോശം അനുഭവമുണ്ടായ ശേഷം അതിന് വേണ്ടി കൗണ്‍സിലിംഗിനായി നമ്മളെ സമീപിക്കുന്നവര്‍ എത്രയോ ആണ്”. കല പറയുന്നു.

അതിനാല്‍ ഇവരുടെയൊക്കെ ആധികാരികത തീര്‍ത്തും അന്വേഷിക്കേണ്ടതുണ്ട്. ഇനി ഡോ.വിജയ് കോഴ്സ് പാസായ ആളാണെന്ന് തന്നെ വയ്ക്കാം.

അപ്പോഴും അദ്ദേഹം തന്റെ വീഡിയോകളില്‍ സംസാരിക്കുന്ന വിഷയങ്ങള്‍ പലതും അശാസ്ത്രീയവും അതുപോലെ തന്നെ സ്ത്രീവിരുദ്ധവും ആണ്. ഒരിക്കലും ആരോഗ്യകരമായൊരു പ്രവണത അല്ല അത്…

യൂട്യൂബ് അല്ലെങ്കില്‍ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ സൗജന്യമായി ഇതെല്ലാം കാണുന്ന ആളുകളെ സംബന്ധിച്ച്, അവരുടെ മനസിനെ ഇതെല്ലാം സ്വാധീനിക്കുകയാണ്. മാതൃകാപരമായ ഒരു രീതിയായി ഇതിനെ ഒരിക്കലും കാണാനാകില്ല.

ഇതൊരു തുടക്കമാകട്ടെ എന്നാണ് ഞാനാഗ്രഹിക്കുന്നത്. സ്വയം ഏജന്‍സിയെടുത്ത് മറ്റ് പ്രൊഫഷണലുകളെക്കൂടി അപമാനപ്പെടുത്തുന്ന തരത്തില്‍ ഇടപെടുന്ന ഇത്തരം ആളുകളെ ഒതുക്കാന്‍ ഇനിയെങ്കിലും നമുക്കാകട്ടെ…’ കല മോഹന്‍ പറയുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരടങ്ങിയ സംഘം ഡോ. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി പുറത്തുവിട്ടത്.

ഇവരടക്കം നിരവധി സ്ത്രീകളെയാണ് ഡോ.വിജയ് പി നായര്‍ തന്റെ വീഡിയോകളിലൂടെ അപമാനിച്ചു വന്നിരുന്നത്. ഇയാള്‍ക്കെതിരേ നിയമപരമായി പരാതി നല്‍കിയതിനു ശേഷമായി സ്ത്രീ സംഘം ഓഫീസില്‍ കയറി ഇയാളെ കൈയ്യേറ്റം ചെയ്തത്.

Related posts

Leave a Comment