റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഒരു ഹീറോയെ കണ്ടു. പേര് ദീപക് കുമാർ എന്നാണെങ്കിലും വയോധികനായ ഒരു മുസ്ലിം വ്യാപാരിയെ മതത്തിന്റെ പേരിൽ ദ്രോഹിക്കാൻ ശ്രമിച്ച വർഗീയ കോമരങ്ങൾക്കു മുന്നിൽ നെഞ്ചു വിരിച്ചുനിന്ന് അദ്ദേഹം പറഞ്ഞത്, “ഞാൻ മുഹമ്മദ് ദീപക്” (മേരാ നാം മുഹമ്മദ് ദീപക്) എന്നാണ്. സത്യത്തിൽ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായ നാം ഏറ്റുചൊല്ലിയുപേക്ഷിച്ച ആ പ്രതിജ്ഞ ദീപക് ഒരഗ്നിപരീക്ഷമധ്യേ പുറത്തെടുക്കുകയായിരുന്നു: “എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.” ഭരണകൂട പിന്തുണയോടെ വർഗീയസംഘങ്ങൾ തട്ടിയെടുക്കുന്ന അവകാശങ്ങൾക്കു മുന്നിൽ നിസഹായനും നിശബ്ദനുമായിപ്പോയ ഒരു വയോധികനെ ചേർത്തുനിർത്തിയ ദീപക്കിനോട് മതേതര ഇന്ത്യ പറയുന്നു, “ഞങ്ങളും ദീപക് ആണ് (ഹമാരാ നാം ഭീ ദീപക് ഹൈ).” അതേ, ഒരു ശിഥില രാഷ്ട്രമല്ല ഇന്ത്യ.
ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം. 70കാരനായ വക്കീൽ അഹമ്മദിന്റെ ‘ബാബാ സ്കൂൾ ഡ്രസ്’ എന്ന കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കോട്ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരു മാറ്റണമെന്നുമായിരുന്നു ആവശ്യം. ഒരാളുടെ കടയുടെ പേര് മാറ്റാൻ പറയാൻ ആൾക്കൂട്ടത്തിന് അവകാശമുണ്ടോയെന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. അതാണു സ്ഥിതി. ഈ ആവശ്യം ഇവർ മുന്പും ഉന്നയിച്ചിരുന്നു.
രാജ്യത്ത് മതേതര-ജനാധിപത്യ ഭരണഘടന സ്ഥാപിതമായ റിപ്പബ്ലിക് ദിനത്തിലും ബജ്രംഗ്ദളുകാരെത്തി വക്കീലിനെ ഭീഷണിപ്പെടുത്തിയതോടെ സമീപത്തെ കടയിലുണ്ടായിരുന്ന ദീപക് കുമാർ വിവരമന്വേഷിച്ചു. ദീപക്കിനെയും അവർ ഭീഷണിപ്പെടുത്തിയെങ്കിലും സമീപത്ത് ജിംനേഷ്യം നടത്തുന്ന അദ്ദേഹം പിന്മാറിയില്ല. മറ്റുള്ളവർക്കു ബാബ എന്നു കടയ്ക്കു പേരിടാമെങ്കിൽ വക്കീൽ അഹമ്മദിന് എന്താ കുഴപ്പമെന്നു ചോദിച്ചു. മറ്റുള്ളവർ ഹിന്ദുക്കളാണെന്നായിരുന്നു മറുപടി. തുടർന്ന് ബജ്രംഗ്ദളുകാർ ദീപക്കിനോടു പേരു ചോദിച്ചു.
അപ്പോഴാണ് അയാൾ തന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, എന്താണു കുഴപ്പമെന്നു ചോദിച്ചത്. ഇന്ത്യക്കാരെല്ലാം നിയമത്തിനു മുന്നിൽ ഒന്നാണെന്നു പറഞ്ഞുകൊണ്ട് അയാൾ ചെറുക്കാനിറങ്ങിയതോടെ പിൻവാങ്ങിയവർ പിന്നീട് കൂടുതൽ ആളുകളുമായെത്തി ദീപക്കിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. ബജ്രംഗ്ദളുകാർക്കെതിരേ മാത്രമല്ല, ദീപക്കിനെതിരേയും പോലീസ് കേസെടുത്തു. പക്ഷേ, സർക്കാരുകളുടെ തിരസ്കാരത്തിന് ബദലായി അദ്ദേഹം മതേതര ഇന്ത്യയുടെ സ്നേഹപുരസ്കാരം ഏറ്റുവാങ്ങിയിരിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദുത്വയുടെ ആക്രമണങ്ങൾ രാജ്യത്ത് പതിവാണെങ്കിലും ഒരു പാർട്ടിയുടെയും മതത്തിന്റെയും പിന്തുണയില്ലാതെ ഒറ്റയ്ക്കൊരാൾ ഇത്തരമൊരു ചെറുത്തുനിൽപ്പു നടത്തുന്നത് ആദ്യമായാണ്. ദീപക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയവാദികൾ ഉറഞ്ഞുതുള്ളുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പിന്തുണയുമായി വലിയൊരു വിഭാഗം മനുഷ്യരും ജാതി-മതഭേദമില്ലാതെ രംഗത്തു വന്നിട്ടുണ്ട്. ദീപക്കിനെ രാജ്യത്തിന്റെ ഹീറോ എന്നാണ് രാഹുൽ ഗാന്ധി വിളിച്ചത്.
പക്ഷേ, ബിജെപി നേതാക്കളാരും അദ്ദേഹത്തെ അഭിനന്ദിച്ചതായി കണ്ടില്ല. സർക്കാർ പിന്തുണ കൊടുക്കുകയോ അക്രമികളോട് അരുതെന്നു പറയുകയോ ചെയ്തില്ല. എങ്ങനെയാണ് രാജ്യത്ത് വർഗീയത വളരുന്നതെന്നറിയാൻ ഇതൊക്കെ നിരീക്ഷിച്ചാൽ മാത്രം മതി. കോട്ദ്വാറിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗം വിളിക്കേണ്ടിവന്നു. ബാബ എന്ന പേരിലുള്ള കടയുടെ പേരിൽ മൂന്നു പതിറ്റാണ്ടായി ആർക്കുമൊരു പരാതിയുമില്ലായിരുന്നു. എത്ര അപകടകരമയ സ്ഥിതിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നത്!
പർവതങ്ങൾ, മരുഭൂമികൾ, കടൽ, കായലുകൾ, നദികൾ, ഹരിതവനങ്ങൾ, ചരിത്രമുറങ്ങുന്ന ആരാധനാലയങ്ങൾ, നിരവധി മതങ്ങളിലും ജാതികളിലുമായി സഹവർത്തിത്വത്തോടെ കഴിയുന്ന 140 കോടി മനുഷ്യർ. ഇന്ത്യപോലെ മറ്റൊരു രാജ്യവുമില്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യഭൂമിയിലേക്കു നുഴഞ്ഞുകയറുന്ന തീവ്രവാദികളും ഇഴഞ്ഞുകയറുന്ന വർഗീയവാദികളും നമ്മോട് ആവർത്തിച്ചു പറയുകയാണ് നമ്മൾ ഒന്നല്ല എന്ന്. പക്ഷേ, ദീപക്കിനെപ്പോലെയുള്ളവർ തിരിച്ചുപറയുന്നു,
നമ്മളൊന്നാണെന്ന്. ഇതു വായിക്കുന്നവരും ഏതു പക്ഷത്താണെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. യഥാർഥ രാജ്യസ്നേഹികൾക്കൊപ്പം നിൽക്കാൻ നമുക്കു ബാധ്യതയുണ്ട്. ഇഷ്ടമുള്ള മതത്തിലും മതേതര രാഷ്ട്രീയത്തിലും വിശ്വസിക്കാനും രാജ്യത്തെവിടെയും ഭയരഹിതരായി സഞ്ചരിക്കാനും പ്രാർഥിക്കാനും ഇഷ്ടമുള്ളതു ഭക്ഷിക്കാനും ചട്ടവിരുദ്ധമല്ലാത്ത വസ്ത്രം ധരിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ള നമ്മുടെ ഇന്ത്യ ഒരു ഗൃഹാതുരത്വമായി മാറരുത്, യാഥാർഥ്യമായി നിലനിൽക്കണം.
ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും അഗ്നിബാധയുടെയും മഹാമാരിയുടെയും കാലത്ത് നാം നിർലോപം പുറത്തെടുത്ത സാഹോദര്യത്തിന്റെ സ്വർണനാണയങ്ങൾ എന്തിനാണിപ്പോൾ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നത്? ദീപക്കിനെപ്പോലെ നമുക്കും അതു നെഞ്ചിലണിയാനാകില്ലേ? അദ്ദേഹത്തിന് എന്തുകൊണ്ടാകും വർഗീയതയെ എതിർക്കാൻ സാധിച്ചത്? ഉറപ്പാണ്, വിചാരത്താലോ വാക്കാലോ പ്രവൃത്തിയാലോ ദീപക് അതിൽ പങ്കെടുക്കുന്നില്ല. രാജ്യസ്നേഹിയാണ് ആ മനുഷ്യൻ; തനിച്ചാക്കരുത്.
