കോട്ടയം: പ്രിന്റിംഗ് പ്രസുകാര്‍ സ്ഥാനാര്‍ഥികളെ ഇന്നലെ വട്ടം പിടിച്ചു. ഫ്ളക്സും പോസ്റ്ററും കടം പറഞ്ഞ് അടിച്ചുകൊണ്ടുപോയ സ്ഥാനാര്‍ഥികള്‍ പലരാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി തോറ്റു പോയാല്‍ നിനച്ച കാലത്ത് പണം തിരിച്ചുപിടിക്കാനാവില്ല. അതിനാല്‍ ഇന്നലെയും ഇന്നുമായി പണം വാങ്ങാന്‍ പ്രസുകാര്‍ സ്ഥാനാര്‍ഥികളെ തേടി ഓട്ടത്തിലാണ്.
പ്രസുകാരുടെ വിളി വന്നതോടെ പല സ്ഥാനാര്‍ഥികളും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ കളം വിടുകയോ ചെയ്തു. നാലും അഞ്ചും ലക്ഷം രൂപയുടെ കടത്തിലാണ് സ്ഥാനാര്‍ഥികള്‍ പലരും.
വോട്ടിംഗ് ദിവസം ബൂത്തുകളിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തതിലും പറ്റുപടി നടത്തിയ സ്ഥാനാര്‍ഥികളുണ്ട്. ഇന്നലെ ഹോട്ടലുകാരും സ്ഥാനാര്‍ഥികളെ തേടി വീടുകയറി.
ഗ്രാമപഞ്ചായത്തില്‍ രണ്ടു ലക്ഷവും ബ്ലോക്കില്‍ നാലു ലക്ഷവും ജില്ലാ പഞ്ചായത്തില്‍ പത്തു ലക്ഷവും പൊടിച്ച സ്ഥാനാര്‍ഥികള്‍ പലരുണ്ട്. ഇവരില്‍ പലരും കടം വാങ്ങിയും പണയം വച്ചുമൊക്കെയാണ് ജനവിധി തേടിയത്.
