കോട്ടയം: ഒരു മാസത്തെ പ്രചാരണത്തിനൊടുവില്‍ രാഷ്ട്രീയകളം ശാന്തമായി. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ വോട്ടര്‍പട്ടികയും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി അവലോകനത്തിലും അപഗ്രഥനത്തിലുമായിരുന്നു. ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ ഓരോ വോട്ടറെയും അളന്നുകുറിച്ച് വോട്ട് സാധ്യതകള്‍ ഓരോ സ്ഥാനാര്‍ഥിയും എണ്ണിത്തിട്ടപ്പെടുത്തി.
എത്ര വോട്ടുകള്‍ പോകും, എത്ര കിട്ടും എന്ന കണക്കുകൂട്ടലുകള്‍ക്ക് ശനിയാഴ്ച രാവിലെ അന്തിമ ചിത്രം തെളിയും. സ്ഥാനാര്‍ഥികള്‍ ഫ്ളക്സുകളും ബാനറുകളും വോട്ടെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിതന്നെ നീക്കം ചെയ്തു. ജില്ലയില്‍ ആകെ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകള്‍ ബ്ലോക്ക് തല കൗണ്ടിംഗ് സ്റ്റേഷനില്‍ എണ്ണും.
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന് ഒന്നിലേറെ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ അതാത് ബ്ലോക്കുകളില്‍ വോട്ട് എണ്ണി ജില്ലാ കളക്ടറേറ്റിലേക്ക് കൈമാറും. അവിടെ വോട്ടുകള്‍ ഏകോപിപ്പിച്ച് വിജയപ്രഖ്യാപനം കളക്ടറേറ്റില്‍ നടത്തും. നഗരസഭകളിലെ പോസ്റ്റല്‍ വോട്ടുകളുടെ ഉള്‍പ്പെടെ വോട്ടെണ്ണല്‍ നഗരസഭാ ഹാളില്‍ നടത്തും.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ വോട്ടെണ്ണല്‍ അതാത് പ്രദേശത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തപാല്‍ വോട്ടുകള്‍ ഏകോപിപ്പിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും.
ഗ്രാമപഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ അതാത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എണ്ണും. തപാല്‍ വോട്ടുകള്‍ എണ്ണിയതിനു ശേഷമായിരിക്കും വോട്ടിംഗ് യന്ത്രങ്ങള്‍ തുറക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഫലം ഒന്‍പതരയോടെയും ബ്ലോക്കിലേത് പതിനൊന്നിനും അറിയാം. ജില്ലാ പഞ്ചായത്ത് ഫലം പന്ത്രണ്ടു മണിയോടെ പ്രഖ്യാപിച്ചു തുടങ്ങും.
വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞ് സ്ഥാനാര്‍ഥികള്‍
കോട്ടയം: ഒരു മാസമായി വോട്ടുതേടിയുള്ള നെട്ടോട്ടത്തിനൊടുവില്‍ അവസാന വോട്ടും മെഷീനില്‍ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീര്‍ഘ നിശ്വാസമായിരുന്നു സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കുടുംബയോഗങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയാ വഴിയും കാടിളക്കിയുള്ള പ്രചാരണമായിരുന്നു എല്ലാവരും നടത്തിയത്. പ്രചാരണത്തിനു ഫലമുണ്ടായോ എന്നറിയാന്‍ രണ്ടുനാള്‍ കൂടി കഴിയണം.
ജോലിയും ബിസിനസും ഒക്കെ ഉപേക്ഷിച്ചാണ് പല സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങിയത്. ഇന്നലെ മുതല്‍ പലരും തൊഴിലിടങ്ങളില്‍ സജീവമായി. വോട്ടര്‍മാര്‍ക്ക് ഫോണില്‍ കൂടിയും സോഷ്യല്‍ മീഡിയാ വഴിയും നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു മിക്കരും.
വാര്‍ഡുകളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും കൊടികളും തോരണങ്ങളും ഒക്കെ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ചിലര്‍. ചിലര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണുന്നതിനും യാത്ര പോകുന്നതിനും സമയം കണ്ടെത്തി.
ചിലര്‍ പ്രാര്ഥനാലയങ്ങള് സന്ദര്‍ശിച്ചു. ചിലരാകട്ടെ വീട്ടില്‍ വിശ്രമിക്കാനാണ് സമയം ചെലവഴിച്ചത്. ബന്ധുവീടുകളിലും അയല്‍വീടുകളിലും സന്ദര്‍ശനം നടത്തിയും പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടിന്റെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഇന്നലത്തെ പകല്‍ സ്ഥാനാര്‍ഥികള്‍ കഴിച്ചുകൂട്ടി.
