സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കു​ത്ത​നെ കൂട്ടി; ബിപിഎൽ വിഭാഗക്കാർക്ക് നിരക്ക് വർധന ബാധകമാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനം നിരക്ക് വർധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎൽ വിഭാഗക്കാർക്ക് നിരക്ക് വർധന ബാധകമാകില്ല. 2019-22 കാലത്തേക്കുള്ള വർധനവാണിത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് അധിക നിരക്ക് നൽകേണ്ടതില്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെ വർധനവുണ്ടാകും.

125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ നിലവിലെ നിരക്കിൽ നിന്നും 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 90 രൂപയുടെയും വർധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം.

സാധാരണ കുടുംബം 100 യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. അതിനാൽ രണ്ടു മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 84 രൂപയുടെ വരെ വർധനവുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം കെഎസ്ഇബിക്ക് 902 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകും.

Related posts