ശബരിമല പാതയില്‍ കാട്ടാനക്കൂട്ടം; പൈനാപ്പിള്‍ കച്ചവടം പ്രധാന കാരണമെന്ന് വനപാലകര്‍; കച്ചവടം നിര്‍ത്താനുള്ള നടപടി ജില്ലാ ഭരണകൂടം അടിയന്തിരമായി സ്വീകരിക്കണമെന്ന് വനപാലകര്‍

elephantശബരിമല: ശബരിമല പാതയില്‍ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്. നിലയ്ക്കലിനടുത്ത് ആര്യാട്ടുകവല, ചെളിക്കുഴി, കമ്പകത്തു വളവ്, ളാഹ എന്നീ സ്ഥലങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്. ഇന്നലെ വൈകുന്നേരം 6.30ന് നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ 15 കാട്ടാനകളാണ് നിലയുറപ്പിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവ കാട്ടിലേക്ക് പിന്മാറാന്‍ തയാറാകാഞ്ഞതോടെ വനപാലകര്‍ ശബ്ദമുണ്ടാക്കി ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. രാത്രി വളരെ വൈകിയാണ് ഇവ കാട്ടിലേക്കു പിന്മാറിയതെങ്കിലും പമ്പാ പാതയിലെ ആര്യാട്ടുകവല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡിലിറങ്ങുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം പമ്പയിലേക്കു വന്നുകൊണ്ടിരുന്നത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കാട്ടാനകള്‍ റോഡിലേക്ക് ഇറങ്ങി. ഇന്നലെ മൂന്നോടെ ചെളിക്കുഴി ഭാഗത്താണ് ആനകളെ കണ്ടത്.

നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും തീര്‍ഥാടന പാതയിലും പൈനാപ്പിള്‍ കച്ചവടം ചെയ്യുന്നതും ഇവയുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമാണ് കാട്ടാനകള്‍ റോഡിലേക്കിറങ്ങാന്‍ കാരണമെന്ന് വനപാലകര്‍ പറഞ്ഞു. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരേ സമയം കുറഞ്ഞത് രണ്ടായിരത്തിലധികം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്.

ഗ്രൗണ്ടിന്റെ സമീപത്തെല്ലാം പൈനാപ്പിള്‍ കച്ചവടം നടക്കുന്നതിനാലാണ് ആനകള്‍ ഇവിടേക്ക് എത്തുന്നതെന്ന് വനപാലകര്‍ പറയുന്നു. ഈ പ്രദേശങ്ങളിലെ കച്ചവടം നിര്‍ത്താനുള്ള നടപടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പല പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts