ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് നീലപ്പട കുതിക്കുന്നു

eplലണ്ടന്‍: ക്രിസ്മസ് അവധിക്കു ശേഷം യൂറോപ്പിന്റെ കളിത്തട്ട് വീണ്ടും ഉണര്‍ന്നപ്പോള്‍ വമ്പന്‍മാര്‍ വിജയം ആവര്‍ത്തിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രബലരായ ചെല്‍സി ബോണ്‍മൗത്തിനെ (3-0) ഗോളുകള്‍ക്കും ആഴ്‌സണല്‍ (1-0) ഗോളിനു  വെസ്റ്റ്‌ബ്രോംവിച്ചിനെയും  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സണ്ടര്‍ലാന്‍ഡിനെ (3-1) ഗോളുകള്‍ക്കും പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍സിറ്റി (3-0) ഗോളുകള്‍ക്കു ഹാള്‍സിറ്റിയെയും തോല്‍പ്പിച്ചു. നിലവിലെ ജേതാക്കളായ ലെസ്റ്റര്‍സിറ്റിയെ എവര്‍ട്ടണ്‍ രണ്ടു ഗോളിനു തോല്‍പ്പിച്ചു. വാറ്റ്‌ഫോര്‍ഡ്-ക്രിസറ്റല്‍പാലസ് മത്സരം (1-1) സമനിലയായി. ബാണ്‍ലി ഒരു ഗോളിനു മിഡില്‍സ്ബറോയെയും പരാജയപ്പെടുത്തി.  വെസ്റ്റ്ഹാം സ്വാന്‍സിസിറ്റിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ എഎഫ്‌സി ബോണ്‍മൗത്തിനെ വകവരുത്തുകയായിരുന്നു ചെല്‍സി. ഹോം ഗ്രൗണ്ടില്‍ 24ാം മിനിറ്റില്‍ പെഡ്രോ, 49ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ കളിയുടെ അധികസമയത്ത് സ്റ്റീവ് കുക്കിലൂടെ ബോണ്‍മൗത്ത് സെല്‍ഫ് ഗോള്‍ വഴങ്ങി. വെസ്റ്റ്‌ബ്രോംവിച്ചിനെതിരേ ആഴ്‌സണലിന്റെ ഗോള്‍ എണ്‍പത്തിയാറാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡിന്റെ വകയായിരുന്നു. സണ്ടര്‍ലാന്‍ഡിനെതിരേ  39ാം മിനിറ്റില്‍ ഡാലി ബ്ലിന്‍ഡ്,  82ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, 86ാം മിനിറ്റില്‍  മഖിതര്യന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍  ഇഞ്ചുറി ടൈമില്‍ സണ്‍ലാന്‍ഡിന്റെ ഫാബിയോ ബോറിനിലൂടെ ഒരു ഗോള്‍ മടക്കി.

ലെസ്റ്റര്‍സിറ്റിക്കെതിരേ 51ാം മനിറ്റില്‍ കെവിന്‍ മിറാലസും അധികസമയത്ത് റോമാലു ലുക്കാക്കുമാണ് എവര്‍ട്ടന്റെ വിജയഗോളുകള്‍ നേടിയത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സിയാണ് 46 പോയിന്റുമായി മുന്നില്‍. 39 പോയിന്റുമായി മാഞ്ചസ്റ്റര്‍സിറ്റി രണ്ടാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച ലിവര്‍പൂള്‍ മൂന്നാംസ്ഥാനത്തുമാണ്. ഇത്രയും പോയിന്റുള്ള ആഴ്‌സണല്‍ നാലാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടന്‍ഹാം അഞ്ചാംസ്ഥാനത്തും  33 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്. ലിവര്‍പൂളിന്റെ കളി ഇന്നാണ്. അവര്‍ സ്‌റ്റോക്ക് സിറ്റിയെ നേരിടും.

Related posts