എല്ലാവരും മോശം അഭിപ്രായം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടും മമ്മൂട്ടി ഫഹദിനെ പുകഴ്ത്തി! അതിന് വ്യക്തമായ കാരണവുമുണ്ട്; സംവിധായകന്‍ ഫാസില്‍ പറയുന്നു

ദൈവം ഓരോരുത്തര്‍ക്കും ഓരോരോ കഴിവുകളാണ് നല്‍കിയിരിക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. ഒരേ മേഖലയിലുള്ളവര്‍ക്കുപോലും ചിലപ്പോള്‍ വ്യത്യസ്ത തലങ്ങളിലായിരിക്കും ശോഭിക്കാന്‍ കഴിയുക. സിനിമാ മേഖലയാണതിന് ഏറ്റവും നല്ല ഉദാഹരണം. ചിലര്‍ക്ക് അഭിനയമാണ് വഴങ്ങുന്നതെങ്കില്‍ മറ്റുചിലര്‍ക്ക് ഡാന്‍സിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാന്‍ കഴിയുക. അഭിനയം അടിപൊളിയാണെങ്കിലും നൃത്തത്തില്‍ വളരെ ബലഹീനരായിട്ടുള്ള നിരവധി അഭിനേതാക്കളുണ്ട്. അതില്‍ ഏറ്റവും പുതിയ ആളാണ് സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍. വേറിട്ട വേഷങ്ങള്‍ കൊണ്ടും തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇരിപ്പിടം നേടിയിട്ടും നൃത്തത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു, ഈയടുത്ത് ഫഹദിന്.

ഫഹദ് ഇങ്ങനെ ചുവടുവയ്ക്കരുതേ എന്ന് അപേക്ഷിക്കുന്ന വീഡിയോ വരെയുണ്ട് വന്‍ ഹിറ്റായി യൂട്യൂബില്‍. എന്നാല്‍, ഈ നൃത്തത്തിന് ഫഹദിനെ അഭിനന്ദിച്ച ചിലരുണ്ട്. വെറും ആളുകളല്ല. ഫഹദിലെ നടനെ കണ്ടെടുത്ത് മലയാളത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പിതാവ്, സംവിധായകന്‍ ഫാസില്‍. മറ്റൊന്ന് സമാനമായ രീതിയില്‍ നൃത്തത്തിന്റെ പേരില്‍ പഴി കേട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിയും. സകലരും കണക്കിന് കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലെ തേച്ചില്ലേ പെണ്ണേ എന്ന ഗാനരംഗത്തിലെ ഫഹദിന്റെ ഡാന്‍സ് വളരെ നന്നായിരുന്നു എന്നുതന്നെയാണ് ഫാസില്‍ പറയുന്നത്. ഒരു വാരികയ്്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഫഹദിന് അവന്റേതായ കുറെ രീതികളുണ്ട്. അടുത്തകാലത്തിറങ്ങിയ റോള്‍ മോഡല്‍സില്‍ അവനൊരു ഡാന്‍സ് ചെയ്തു. ഇപ്പോള്‍ എല്ലാ നായകന്മാരും ചെയ്യുന്നതാണ്. സിനിമയില്‍ ഡാന്‍സ് ചെയ്യണമെന്ന് അവനും ഒരുപാടുകാലമായി ആഗ്രഹിച്ചിരുന്നു. പക്ഷേ അവന്റെ ഡാന്‍സ് ഉമ്മയ്ക്കും അനിയനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ അതിനേക്കുറിച്ച് വളരെ മോശമായിട്ടാണ് കമന്റ്സ് വന്നിരിക്കുന്നതെന്നാണ് ഫര്‍ഹാന്‍ പറയുന്നത്. എന്നാലും ഞാനാ പാട്ട് കണ്ടു. തേച്ചില്ലേ പെണ്ണേ എന്ന് പാടി ആടുകയാണ് അവന്‍. പാട്ട് തീര്‍ന്നയുടന്‍ ഞാന്‍ നസ്രിയയ്ക്ക് മെസേജ് അയച്ചു. ‘വാച്ച് ഷാനൂസ് പെര്‍ഫോമന്‍സ് ഇന്‍ യൂട്യൂബ്, ഉഗ്രന്‍’. ഉടന്‍ ഫഹദ് എന്നെ വിളിച്ചു. ‘ബാപ്പ എന്താണ് ഈ പറയുന്നത്. നെറ്റില്‍ കേറി നോക്ക്. എല്ലാം നെഗറ്റീവ് കമന്റ്സല്ലേ’. ഞാന്‍ പറഞ്ഞു, പറയുന്നവര്‍ എന്തേലും പറയട്ടെ, നീയത് ഗംഭീരമായി ചെയ്തിട്ടുണ്ട്. പിന്നീട് പലരും അവനെ ഈ ഡാന്‍സിന്റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് ആരാണെന്നറിയാമോ, മമ്മൂട്ടി. ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്ക്നെസ് ആണല്ലോ’.

 

Related posts