പ്രദീപ് ചാത്തന്നൂർ
നവജാത ശിശുവിനെ ഉപേക്ഷിച്ചതു രേഷ്മയാണെന്നു കണ്ടെത്തിയതോടെ അവർ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്നറിയുക എന്നതായിരുന്നു അടുത്ത ഘട്ടം.
രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ കണ്ടെത്താനുള്ള നീക്കം പോലീസ് ശക്തമാക്കി. ഫേസ്ബുക്കിലെ രേഷ്മയുടെ കാമുകനെ അജ്ഞാത കാമുകനെ കണ്ടെത്തുകയായിരുന്ന ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി പലരെയും ചോദ്യംചെയ്തു.
അങ്ങനെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഉച്ചയ്ക്കു ശേഷം എത്തണമെന്ന് ആര്യയോട് ആവശ്യപ്പെട്ടത്. അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ രഞ്ജിത്തിന്റെ ഭാര്യയാണ് ആര്യ.
സഹോദര ഭാര്യമാർ എന്നതിനേക്കാൾ അടുത്ത ആത്മബന്ധമായിരുന്നു ഇരുവരും തമ്മിൽ. വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ ഗ്രീഷ്മയും ഇവരുടെ ഉറ്റ ചങ്ങാതിയായിരുന്നു.
ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾ എന്നതിനേക്കാൾ വലിയ അടുപ്പം. ആര്യയ്ക്കു നാലു വയസുള്ള ഒരു മകനുമുണ്ടായിരുന്നു.
ആര്യയും ഗ്രീഷ്മയും
സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ട ശേഷം വീട്ടു സാധനങ്ങൾ വാങ്ങാനായി ആര്യയും ഗ്രീഷ്മയും കല്ലുവാതുക്കൽ ജംഗ്ഷനിലെത്തി. അതു കണ്ടവരുണ്ട്.
എന്നാൽ, പിന്നീട് ഇരുവരെയും കാണാതായി. ചോദ്യം ചെയ്യലിനായി ആര്യ പോലീസ് സ്റ്റേഷനിൽ എത്താതിരുന്നതും പിന്നീട് ഇരുവരെയും കാണാതായതും വലിയ ദുരൂഹതയായി മാറി. നാട്ടിലും സംഭവം വലിയ ചർച്ചയും ആശങ്കയുമായി വളർന്നു.
തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, വൈസ് പ്രസിഡന്റ് എസ്.സത്യപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് വീടു പരിശോധിച്ചു. വളരെ വർഷം പഴക്കമുള്ള ഒരു ഡയറിയിൽ ആര്യയുടെ കത്ത് കണ്ടു.
ഡയറിയിലെ കത്ത്
അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണം എന്നു വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകി ആണെന്ന് അറിഞ്ഞിരുന്നില്ല.
അവരുടെ ജീവിതം നന്നാവണമെന്ന് മാത്രമേ വിചാരിച്ചിട്ടുള്ളൂ. എന്റെ മോനെ നല്ലതുപോലെ നോക്കണം. എനിക്ക് എന്റെ രഞ്ജിത്തേട്ടന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല.
പക്ഷേ, ഒരു പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഞങ്ങളെ പോലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം – ഇതായിരുന്നു ആര്യയുടെ കത്ത്. കത്തു കിട്ടിയതിന്റെ പിന്നാലെ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി.
ആര്യയുടെ ഫോണിന്റെ ടവർ ലോക്കേഷൻ ഇത്തിക്കരയാണെന്നു കണ്ടെത്തി. ഇത്തിക്കരയിലുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
രണ്ട് യുവതികൾ ആദിമനല്ലൂരിലേക്കുള്ള റോഡിലൂടെ പോകുന്നതു കണ്ടെത്തി. ബന്ധുക്കളും പോലീസും ഇത്തിക്കര പ്രദേശമാകെ ഇവർക്കായി തെരച്ചിൽ തുടങ്ങി.
നദിയിലും തെരച്ചിൽ
ജൂൺ 25 രാവിലെ ഒൻപത്…പോലീസും ഫയർഫോഴ്സും സ്കൂ ബാ ടീം അംഗങ്ങളും ഇത്തിക്കരയെത്തി. ഫയർഫോഴ്സ് ബോട്ടുപയോഗിച്ചു നദിയിലെ വെള്ളമാകെ ഇളക്കിമറിച്ചു.
മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞിട്ടുണ്ടെങ്കിൽ പുറത്തെത്തിക്കാൻ വേണ്ടിയായിരുന്നു ഇത്. ഏകദേശം നാലു കിലോമീറ്ററോളം അരിച്ചു പരിശോധിച്ചു.
ഉച്ചയ്ക്ക് 12.45ന് ഇത്തിക്കര കൊച്ചുപാലത്തിൽനിന്നു രണ്ടര കിലോമീറ്റർ അകലെ മീനാട് ഭാഗത്തുനിന്നു ഫയർഫോഴ്സ് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. കരയെക്കത്തിച്ചു പരിശോധിച്ചപ്പോൾ ആര്യയുടെതാണെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് വൈകുന്നേരം 3.30ന് ഇത്തിക്കര കൊച്ചു പാലത്തിൽനിന്ന് 200 മീറ്ററോളം അകലെനിന്നായി ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെടുത്തു. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലേക്കു മൃതദേഹങ്ങൾ മാറ്റി.
ഇവരുടെ ആത്മഹത്യ പോലീസിന്റെ അന്വേഷണം താത്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കി. ഇവരിലൂടെ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനിലെത്താമെന്ന പ്രതീക്ഷയും പൊലിഞ്ഞു.
രേഷ്മയുടെ ഫേബുക്ക് രഹസ്യങ്ങൾ ആര്യയ്ക്ക് അറിയാമായിരുന്നുവെന്നും അതു വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയവും മാനഹാനിയുമായിരിക്കും ആത്മഹത്യയിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം എത്തിച്ചേർന്നത്.
അന്നേ ഡോക്ടർ പറഞ്ഞു
2021 ജനുവരി ആറിനു രാവിലെ 6.30ന് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഫോണിൽ ഒരു സന്ദേശമെത്തി.” ഷീ ഈസ് ദ പ്രൈം സസ്പെക്ട്’ എന്നായിരുന്നു സന്ദേശം.
പക്ഷേ, പോലീസ് അതത്ര ഗൗരവമായി കണ്ടില്ല. ഈ സന്ദേശം ലഭിച്ച സമയത്തു രേഷ്മയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിൽ കേസന്വേഷണം ആറു മാസത്തിലധികം നീണ്ടു പോകുമായിരുന്നില്ല.
കല്ലുവാതുക്കൽ വരിഞ്ഞം പേഴുവിള വീട്ടിൽ സുദർശനൻ പിള്ളയുടെ വീട്ടുപുരയിടത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ ദിവസം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽനിന്നു ഡോക്ടർമാരുടെ വിദഗ്ധ സംഘവുമെത്തിയിരുന്നു.
ഇതിൽ ഒരു ഡോക്ടറാണ് രേഷ്മയെ പ്രധാനമായും സംശയിക്കണമെന്നു പിറ്റേ ദിവസം രാവിലെ പോലീസിനു സന്ദേശമയച്ചത്. രേഷ്മയുടെ അമിതമായ വിളർച്ചയാണ് ഡോക്ടർ പ്രധാനമായും ശ്രദ്ധിച്ചത്.
(തുടരും)