ഫിലിം ഫെയര്‍ പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ നടി പാര്‍വതി തിരുവോത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് ആറ്-ഏഴ് വര്‍ഷമാണെന്ന് അഭിനയത്തിലേക്കു കടക്കുമ്പോള്‍ ഒരുപാടുപേര് തന്നോടു പറഞ്ഞിരുന്നുവെന്നും ഈ കാലയളവില്‍ കഴിയുന്നത്ര കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്ത് പണം സമ്പാദിക്കാന്‍ ആളുകള്‍ തന്നെ ഉപദേശിച്ചിരുന്നുവെന്നും പാര്‍വതി കുറിച്ചു. പുരസ്കാരവുമായി നില്ക്കുന്ന ചിത്രവും പുരസ്കാരവേദിയില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും പങ്കിട്ടുകൊണ്ടായിരുന്നു പാര്‍വതിയുടെ കുറിപ്പ്.
2025 ഡിസംബറില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ 20 വര്‍ഷം പൂര്‍ത്തിയായി. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു നടിയുടെ ഷെല്‍ഫ്-ലൈഫ് പരമാവധി 6-7 വര്‍ഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.
എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകള്‍ ചെയ്യുക, അങ്ങനെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാം- നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല എന്ന് എന്നോടു പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോള്‍ വെറും തമാശ മാത്രയായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്.
ഏറ്റവും നല്ല കൂട്ടുകാര്‍ എന്നെ പിന്തുണയ്ക്കുന്നു. തിരസ്കാരങ്ങളെക്കാള്‍ മനുഷ്യത്വത്തെ തെരഞ്ഞെടുക്കാന്‍ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുളള കഴിവ് ഞാന്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ശക്തമായ വേഷങ്ങള്‍ക്കായി എന്നെ തെരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ , മിടുക്കരായ കഥ പറയുന്നവരെ ഞാന്‍ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അര്‍ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം എന്റെ ആറാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയര്‍ – പാര്‍വതി കുറിച്ചു.
