അടുക്കളയില്‍ കയറാന്‍ തയാറായാല്‍ മതി, ടെന്‍ഷന്‍ താനേ കുറയ്ക്കാം! ടെന്‍ഷനൊഴിവാക്കാന്‍ ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ മാര്‍ഗം വിചിത്രം

തൊഴിലിടത്തെ കാര്യങ്ങള്‍, വീട്ടുകാര്യങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി നൂറുനൂറ് കാര്യങ്ങളുണ്ട് ഒരു വ്യക്തിയ്ക്ക് ടെന്‍ഷനടിക്കാന്‍. സ്ത്രീകളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് പുരുഷന്മാരേക്കാള്‍ ടെന്‍ഷന്‍ കൂടുതലാണെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നതും. ഈ ടെന്‍ഷനില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരും കുറവായിരിക്കും. ധാന്യം മുതല്‍ ഉറക്കഗുളികയും മദ്യവും വരെ പ്രയോഗിച്ചിട്ടും പരാജയപ്പെട്ടവരാണ് കൂടുതലും. അവര്‍ക്കായി ഇപ്പോള്‍ പുതിയൊരു മാര്‍ഗം നിര്‍ദേശിക്കുകയാണ് ഗവേഷകര്‍.

വല്ലാതെ ടെന്‍ഷനാകുമ്പോള്‍ അടുക്കളയില്‍ പോയി പാത്രം കഴുകി വെക്കുക. അല്ലെങ്കില്‍ തറ വൃത്തിയാക്കുക. ടെന്‍ഷന്റെ പൊടിപോലുമില്ലായിരിക്കും പിന്നെ കണ്ടുപിടിക്കാനെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫ്ളോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനൊടുവില്‍ രസകരമായ കണ്ടുപിടുത്തം നടത്തിയത്. വെറുതെ പറയുക മാത്രമല്ല അതിന്റെ വിശദാംശങ്ങളും ഇവര്‍ പങ്കു വയ്ക്കുന്നുണ്ട്.

അമ്പത്തൊന്നു വിദ്യാര്‍ത്ഥികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ത്ഥികളെ രണ്ട് സംഘങ്ങളാക്കി തിരിച്ചതിനു ശേഷം ഒരു ഗ്രൂപ്പിനെ നിയന്ത്രണങ്ങളൊന്നുമില്ലാതെ പാത്രം കഴുകാന്‍ അനുവദിക്കുകയും മറ്റേ ഗ്രൂപ്പിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ചു കൊണ്ടിരിക്കുകയും ചെയ്തു. അതിനു ശേഷം ഓരോരുത്തരുടെയും മാനസികാവസ്ഥയെ കുറിച്ച് വിശദമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പഠനത്തില്‍ മറ്റു നിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ ഒന്നുമില്ലാതെ പാത്രം കഴുകിയ ഗ്രൂപ്പില്‍ നിന്നുള്ളവര്‍ ശാന്തമായ അവസ്ഥയിലേക്ക് എത്തിയിരുന്നു എന്ന് പറയുന്നു ഗവേഷകര്‍. അത്ര നേരവുമുണ്ടായിരുന്ന ടെന്‍ഷനും വികാരവിക്ഷോഭവും കുറഞ്ഞതായും ശുഭാപ്തി വിശ്വാസം വര്‍ദ്ധിച്ചതായും ഗ്രൂപ്പിലെ ഇരുപത്തേഴ് ശതമാനം പേരും അഭിപ്രായപ്പെട്ടു.

അതേ സമയം നിയന്ത്രണങ്ങള്‍ക്കിടയില്‍ പാത്രം കഴുകിയിരുന്നവരുടെ മാനസികാവസ്ഥയില്‍ യാതൊരുമാറ്റവുമുണ്ടായിരുന്നില്ല. പാത്രം വൃത്തിയാക്കുമ്പോള്‍ മാത്രമല്ല വീട്ടുജോലികള്‍ ചെയ്യുമ്പോഴും മാനസികാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുന്നുവെന്ന് ഗവേഷകര്‍ പറയുന്നു .

 

 

 

Related posts