ബര്‍ത്ത്‌ഡേ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം! ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ഇന്ധനവില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമെന്നും ബേക്കറി ഉടമ

കയ്യെത്തിപിടിക്കാനാവാത്ത രീതിയിലാണ് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുന്നത്. പലരും വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിലക്കയറ്റവും തങ്ങളുടെ ബിസിനസിന് സഹായകരമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് മറ്റൊരു കൂട്ടര്‍.

സമാനമായ രീതിയില്‍ കേക്ക് വാങ്ങിയാല്‍ പെട്രോള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ബേക്കറി ഉടമ. 495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് കട ഉടമ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണ് ഈ സൗജന്യ പെട്രേള്‍ വിതരണമെന്നാണ് ഇയാള്‍ പറയുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞ മാസം ഗൂഡല്ലൂരില്‍ കുട്ടുകാരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോളായിരുന്നു. ഈ സംഭവം ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാടെന്നും മറ്റേത് സമ്മാനത്തെക്കാളും വിലയുള്ള പെട്രോള്‍ തന്നെയാണ് വിവാഹ സമ്മാനമായി നല്‍കാന്‍ പറ്റിയതെന്നുമായിരുന്നു അന്ന് സുഹൃത്തുക്കള്‍ പറഞ്ഞത്. ചില പെട്രോള്‍ പമ്പുകളും കൂടുതല്‍ തുകയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്കായി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts