കോഴിക്കോട്: സംസ്ഥാനത്തെ ഇന്ധന വില വർധനവിൽ പ്രതികരിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. ഇന്ധന വിലയിൽ വർധന തുടർന്നാൽ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
ഗതികേട് കൊണ്ടാണ് സർവീസ് അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല. കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ബസുകള്‍ക്ക് സബ്സിഡിയോടെ ഡീസല്‍ നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നന്‍ ആവശ്യപ്പെട്ടു.
