കൊച്ചി: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് മാലാ പാര്‍വതി. അംഗങ്ങൾ പരസ്പരം തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുകയാണ്. അന്‍സിബയുടെ പരാതി ഗൗരവകരമാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനം. ഇതിനെതിരേ പരാതി ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണ്. ഒരു മറുപടിയും ഇതിനൊന്നും ലഭിച്ചിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു.
ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തി. ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ഭരണ സാരഥ്യം ഒഴിയണം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് വഴിക്കാണ്. ഇരുവരും സ്വയം മാറി നില്‍ക്കണമെന്ന് മാല ആവശ്യപ്പെട്ടു.വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ ഇപ്പോൾ കുറ്റബോധം തോന്നുന്നു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് കപ്പാസിറ്റി കാണിച്ചില്ല. ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണിപ്പോൾ അമ്മയിലെ അംഗങ്ങള്‍ക്കുള്ളത്. ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെയില്ല. അമ്മയില്‍ കെട്ടഴിഞ്ഞ പ്രവര്‍ത്തനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
