അമ്പലപ്പുഴ: സിപിഎം പ്രവർത്തകരെ പൊതു പരിപാടികളിൽ അധിക്ഷേപിക്കുന്നത് ജി. സുധാകരൻ എംഎൽഎ അവസാനിപ്പിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കും വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നത്.
കഴിഞ്ഞദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയായിരുന്നു. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത്.
എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനു പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയായിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരേ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. നിരുത്തരവാദ പ്രസംഗങ്ങൾക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനിയിൽ പറഞ്ഞു.
