എപ്പോഴെല്ലാം ചങ്ങലയില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം അവളെ കാണാതായിട്ടുണ്ട്! ചെരുപ്പ് ഒട്ടിക്കാനുപയോഗിക്കുന്ന പശ ലഹരിവസ്തുപോലെ മണക്കുന്നതും കാണാനിടയായി; ഒരച്ഛന്റെ കണ്ണുനനയിക്കുന്ന അനുഭവം

മക്കളുടെ ഓരോ ചെറിയ ന്യൂനതകളും, അത് ശാരീരികമായാലും മാനസികമായാലും, വേദനിപ്പിക്കുന്നത് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയുമാണ്. ഇത്തരത്തില്‍ ചെറുപ്പം മുതല്‍ മാനസികാസ്വാസ്ഥ്യം നേരിടുന്ന മകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകാതിരിക്കാന്‍ അവളെ ചങ്ങലക്കിട്ട് ജോലിക്കു പോകുന്ന, ബംഗ്ലാദേശ് സ്വദേശിയും ചെരുപ്പുകുത്തിയുമായ കമല്‍ ഹൊസൈന്‍ എന്ന പിതാവിന്റെ അവസ്ഥയാണ് ഫോട്ടോഗ്രാഫര്‍ ജിഎംബി ആകാശ് തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ വിവരിച്ചിരിക്കുന്നത്.

ഭാര്യ മരിച്ച ശേഷം മാനസികാസ്വാസ്ഥ്യമുള്ള മകളെ സംരക്ഷിക്കാന്‍ തനിക്ക് ഇതല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് കമല്‍ പറയുന്നു. പത്തു വര്‍ഷമായി മകളെ ചങ്ങലക്കിട്ടു വരികയാണെന്ന് ഹൊസൈന്‍ പറയുന്നു. സാന്റ ഓടിപ്പോകുമെന്ന് ഭയന്നാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അവളെ നഷ്ടപ്പെടുമോ എന്ന് തനിക്ക് വളരെയധികം ഭയമുണ്ട്. കഴിഞ്ഞ ദിവസം അവളെ കാണാതായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ റെയില്‍വേ സ്റ്റേഷനിലും പാര്‍ക്കിലും മാര്‍ക്കറ്റിലും ഉള്‍പ്പെടെ അവളെ താന്‍ അന്വേഷിച്ചു നടന്നു. എന്നാല്‍ എവിടെയും അവളെ കണ്ടെത്താനായില്ല. ഏഴു ദിവസം ആ തെരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ എട്ടാമത്തെ ദിവസം ഓവര്‍ബ്രിഡ്ജിന് താഴെ നിന്നും അവളെ കണ്ടെത്തി. മയക്കു മരുന്നിന് അടിമപ്പെട്ട തെരുവ് കുട്ടികളേടെയും ലൈംഗിക തൊഴിലാളികളുടേയും കൂടെയായിരുന്നു അവള്‍.

ചെരുപ്പ് ഒട്ടിക്കാനുപയോഗിക്കുന്ന പശ ലഹരിവസ്തുപോലെ മണത്തുകൊണ്ടിരിക്കുകയായിരുന്നു അവള്‍. കഴിഞ്ഞ എട്ടുമാസത്തിനിടെ നിരവധി തവണ അവളെ കാണാതായി. അപ്പോഴെല്ലാം താന്‍ മരിച്ചുവെന്ന ഒരു തോന്നലായിരുന്നു. എപ്പോഴെല്ലാം ചങ്ങലയില്‍ നിന്നും അവളെ മോചിപ്പിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം അവളെ കാണാതായിട്ടുണ്ട്. ചെരുപ്പുകുത്തിയായ തനിക്ക് മാസം അയ്യായിരം രൂപയാണ് സമ്പാദിക്കാന്‍ കഴിയുന്നത്. അവളെ നല്ലൊരു ഡോക്ടറെ കാണിക്കാനോ മികച്ച ചികിത്സ നല്‍കാനോ തനിക്ക് കഴിയില്ല. സാന്റക്ക് ഏഴ് വയസുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. ഭാര്യയുടെ മരണ ശേഷം അവളെ നല്ല രീതിയില്‍ പരിചരിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. തെരുവിലെ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവള്‍ മയക്കുമരുന്നിന് അടിമയായിട്ടുണ്ടെന്നും ഹൊസൈന്‍ പറഞ്ഞു.

 

Related posts