എലിക്കുളം: വീട്ടിൽ നിന്നെടുത്ത പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണക്കമ്മൽ ഹരിതകർമസേനാംഗങ്ങൾ വീട്ടമ്മയ്ക്ക് തിരികെ നൽകി. എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിൽ പ്ലാത്തറപാങ്കൽ ലൂസി ജേക്കബിന്റെ സ്വർണക്കമ്മലാണ് പ്ലാസ്റ്റിക്കിനൊപ്പം കിടന്നുകിട്ടിയത്.
മാലിന്യം തരംതിരിക്കുമ്പോൾ സേനാംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് കമ്മൽ കിട്ടിയത്. തന്റെ കമ്മൽ നഷ്ടപ്പെട്ട വിവരം ലൂസി ജേക്കബ് ഇവരോട് നേരത്തേ പറഞ്ഞിരുന്നു.
പഞ്ചായത്ത് ഓഫീസിൽ വച്ച് ഇരുവരും ചേർന്ന് ഉടമയ്ക്ക് സ്വർണാഭരണം കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, വാർഡംഗം വി.ഐ. അബ്ദുൾ കരീം, അംഗങ്ങളായ ജോഷി കെ. ആന്റണി, ആൻസി ജയിംസ്, മറിയമ്മ തച്ചിലേടത്ത്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി. പ്രിൻസി, ഹരിതകർമസേന കോ-ഓർഡിനേറ്റർ വി.പി. ശശി എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.
