മങ്കൊമ്പ് : ആറ്റിൽ മുങ്ങിത്താണ നാലുവയസുകാരിക്ക് രക്ഷകനായ യുവാവ് നാട്ടിൽ താരമായി. മാമ്പുഴക്കരി പനിക്കിയിൽ ജോഷി കുര്യന്റെ മകൾ ആൻമരിയ ജോഷിക്ക്, രോഹൻ വി. ജേക്കബാണ് രക്ഷകനായത്.
ഇന്നലെ രാവിലെ പത്തരയോടെ ആൻമരിയയുടെ വീടിനു സമീപത്തെ പമ്പയാറ്റിലാണു സംഭവം. പള്ളിയിൽ കുർബാനയ്ക്കു ശേഷം രോഹൻ ബന്ധുവിന്റെ വീട്ടിലേക്കു പോകുമ്പോൾ ആറ്റുതീരത്തെ കൽക്കെട്ടിൽ ബന്ധുവായ സ്ത്രീക്കൊപ്പം ഇരുന്ന കുട്ടി കാൽവഴുതി ആഴമേറിയ ആറ്റിലേക്കു വീഴുകയായിരുന്നു.
വള്ളത്തിനും കൽക്കെട്ടിനുമിടയിൽപ്പെട്ടകുട്ടി ആറ്റിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ രോഹൻ ആറ്റിലേക്കു ചാടി കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ രോഹന്റെ ഇടതു കൈക്കു ചെറിയ മുറിവേറ്റു. സംഭവം വൈറലായതോടെ രോഹൻ നാട്ടിലെ താരമായി മാറി.
ചങ്ങനാശേരി എസ്ബി കോളജിൽ ഒന്നാം വർഷ ബിഎ മലയാളം വിദ്യാർഥിയായ രോഹൻ നല്ലൊരു അത്ലറ്റ് കൂടിയാണ്. പ്ലസ്ടു തലം വരെ ഉപജില്ലാ മേളകളിൽ 100, 200, 400 മീറ്റർ ഓട്ടമൽസരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
