പട്ടിയ്ക്ക് അലുവാക്കഷണം ഇട്ടു കൊടുക്കുന്നതു പോലെ ചിലര്‍ കുറച്ചു സ്വര്‍ണവുമായി ആദ്യം പിടികൊടുക്കും; പിന്നാലെയെത്തുന്നവര്‍ നൈസായി കിലോക്കണക്കിന് സ്വര്‍ണം പുറത്തെത്തിക്കും; സ്വര്‍ണമാഫിയയുടെ പുതിയ തന്ത്രമിങ്ങനെ…

ഗള്‍ഫ് നാടുകളില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ പുതുവഴി തേടി കള്ളക്കടത്തുകാര്‍. ഓരോ തവണയും ഇവര്‍ അവലംബിക്കുന്ന നൂതനമായ മാര്‍ഗങ്ങള്‍ കണ്ട് കസ്റ്റംസ് അധികൃതരുടെ വരെ കണ്ണു തള്ളുകയാണ്. മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്ന അടവ് കസ്റ്റംസ് മനസ്സിലാക്കിയതോടെ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് സ്വര്‍ണക്കടത്തുകാര്‍.

അതിനായി സ്വര്‍ണവുമായി എത്തുമ്പോള്‍ ചെറിയ അളവില്‍ സ്വര്‍ണവുമായി പിടികൊടുക്കുകയെന്ന മാര്‍ഗ്ഗമാണ് ഇക്കൂട്ടര്‍ അവലംബിക്കുന്നത്. ആദ്യം എത്തുന്നയാളില്‍ നിന്നും സ്വര്‍ണം കണ്ടെത്തുമ്പോള്‍ അതിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറും ഈ അവസരത്തില്‍ പിന്നാലെ വരുന്നയാള്‍ വന്‍തോതില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്. നെടുമ്പാശ്ശേരിയില്‍ ഈ തന്ത്രം വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ആദ്യമെത്തിയ ആളുടെ കൈവശം 286 ഗ്രാം സ്വര്‍ണമിശ്രിതം മാത്രമാണ് ഉണ്ടായത്. സ്വര്‍ണവുമായി പിടിക്കപ്പെടാന്‍ ഇയാള്‍ വിമാനത്താവളത്തില്‍ പരമാവധി ശ്രമിക്കും.

ഇയാള്‍ പിടിക്കപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ അയാളിലേക്കു തിരിയുന്ന സമയത്ത് വലിയ അളവില്‍ സ്വര്‍ണം കടത്തും. ഇന്നലെ ടെസ്റ്റ് ഡോസുമായെത്തിയയാള്‍ 286 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. ശരീരത്തിനുള്ളിലൊളിപ്പിക്കുന്നതിനു പിന്നില്‍ മറ്റൊരു ലക്ഷ്യവുമുണ്ട്. ഇയാളില്‍നിന്ന് സ്വര്‍ണം പുറത്തെടുക്കാനും എക്സ് റേയെടുക്കാനും മറ്റുമായി ഉദ്യോഗസ്ഥര്‍ ഇയാളെയും കൊണ്ട് ആശുപത്രിയിലേക്കു പോകുന്നതിനും മറ്റും എടുക്കുന്ന സമയമാണ് കള്ളക്കടത്തുസംഘം വലിയ അളവിലുള്ള കടത്തിനായി വിനിയോഗിക്കുന്നത്.

ഉദ്യോഗസ്ഥരുടെ എണ്ണക്കുറവിനെയും സമര്‍ത്ഥമായി മുതലെടുക്കുകയാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പിടിക്കപ്പെടുമ്പോള്‍ ആശുപത്രിയില്‍ പോകാനും മറ്റും വിസമ്മതിച്ച് സമയം കളയുന്നതിനും ഇത്തരക്കാര്‍ക്ക് സ്വര്‍ണക്കടത്തുസംഘം പരിശീലനം നല്‍കിയിട്ടുണ്ട്. അടുത്തിടെയായി പരീക്ഷിക്കപ്പെടുന്ന ഈ തന്ത്രം മനസ്സിലായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചെറുമീനുകളെ മാറ്റി നിര്‍ത്തിയിട്ട് വലിയ മീനുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.

മൂന്നു യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച 3.57 കിലോഗ്രാം സ്വര്‍ണമിശ്രിതം ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ പിലാവുള്ളത്തില്‍ ഹര്‍ഷദ് സലീം 286 ഗ്രാം സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് കാപ്സ്യൂളാണ് ഉണ്ടായിരുന്നത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍നിന്ന് ബഹ്റൈന്‍ വഴിയെത്തിയ മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്ക് പേരപ്പുറത്ത് ഷിഹാബ് 2.283 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണം രണ്ടു പോളിത്തീന്‍ കവറുകളിലാക്കി ഇയാള്‍ കാല്‍മുട്ടുകള്‍ക്കു താഴെ കെട്ടിവച്ചിരിക്കുകയായിരുന്നു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സമീര്‍ ഒരു കിലോഗ്രാം സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനലിലൂടെ പുറത്തേക്കു കടക്കാന്‍ ശ്രമിച്ച മൂന്നു പേരെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നി പിടികൂടി പരിശോധിക്കുകയായിരുന്നു. തലമുടിയ്ക്കുള്ളില്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കകത്തു വച്ച് വരെ സ്വര്‍ണം കടത്തുന്ന പരിപാടികള്‍ കസ്റ്റംസ് പൊളിച്ചടുക്കിയപ്പോഴാണ് കള്ളക്കടത്തുകാര്‍ പുതിയ മാര്‍ഗങ്ങള്‍ പയറ്റുന്നത്.

Related posts