ചാരുംമൂട്: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ സഹോദരൻ ജി. ഭുവനേശ്വരന്റെ ചാരുംമൂട് കരിമുളയ്ക്കലിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം എത്തി പുഷ്പാർച്ചന നടത്തി . ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ജി. സുധാകരൻ മുമ്പ് നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. അതിനാൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചിട്ടുള്ളത്. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ ഏഴിനാണ് സുധാകരന്റെ അനുജൻ ജി. ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍എസ്എസ് കോളജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും ജ്വലിക്കുന്ന ഓർമകളാണ്.
