പണത്തെക്കുറിച്ച് ആലോചിക്കേണ്ട, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ! ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി കൊച്ചി മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹം ശ്രദ്ധയാകര്‍ഷിക്കുന്നു

മഹാപ്രളയത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വീടും കൂടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കൈ കോര്‍ക്കുകയാണ് കൊച്ചി മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹം. ക്യാമ്പുകളിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയാണ് ഇവിടെ ഒരുകൂട്ടം മനുഷ്യര്‍ മാതൃകയാവുന്നത്.

ഭാവനാ ബെന്‍ പരേഖ്, കമലേഷ് ജനനി എന്നിവരാണ് ഈ സേവനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 150ല്‍ അധികം ആളുകള്‍ പുലര്‍ച്ചെ നാലു മണി മുതല്‍ രാത്രി 10 മണിവരെ കൈ മെയ് മറന്ന് അധ്വാനിച്ചാണ് ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നത്. ഗുജറാത്തി ഭക്ഷണമാണ് ഇവര്‍ പാകം ചെയ്ത് നല്‍കുന്നത്.

മൂന്നു ദിവസമായേ ഉള്ളൂ ഞങ്ങള്‍ ഇത് ആരംഭിച്ചിട്ട്. ആദ്യ ദിവസം 20,000 പൂരി എത്തിച്ചു കൊടുത്തു. എട്ടെണ്ണത്തിന്റെ പാക്കറ്റ് വച്ച് 2,500 പാക്കറ്റാണ് വിതരണം ചെയ്തത്. ഇന്നലെ രാവിലെ ലെമണ്‍ റൈസും അച്ചാറുമായി 2,000 പാക്കറ്റ് കൊടുത്തു കഴിഞ്ഞു. രാത്രിയിലേക്ക് ചോറാണ് കൊടുത്തത്. 5,000 പാക്കറ്റാണ് വിതരണം ചെയ്തത്,” കമലേഷ് പറയുന്നു.

ഗുജറാത്തി സമൂഹത്തിലെ 150ഓളം ആളുകള്‍ ചേര്‍ന്നാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഉണ്ട് ഇതില്‍. ഇതിനായി പ്രധാനമായും പണം നല്‍കുന്നത് ഞങ്ങളുടെ സമാജം ആണ്. ഗുജറാത്തി സമാജ് അധികൃതര്‍ ഞങ്ങളോട് പറഞ്ഞത് പൈസയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ട, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ എന്നു മാത്രമാണ്. ഗുജറാത്തി സമാജില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഓരോ കമ്മ്യൂണിറ്റിയും സംഭാവന നല്‍കുന്നുണ്ട്. ആവശ്യമായ സാധനങ്ങളെല്ലാം എത്തിയിട്ടുണ്ട്,” കമലേഷ് പറയുന്നു.

ഗുജറാത്തി ഭക്ഷണമായ പൂരിയാണ് പ്രധാനമായും ഇവര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ കാരണം ഇക്കൂട്ടത്തില്‍ ഒരാളായ ജയന്ത് ഗാന്ധി പറയുന്നു. പൂരിയാകുമ്പോള്‍ രണ്ടോ മൂന്നോ ദിവസം ആയാലും ചീത്തയാകില്ല. ആട്ടകൊണ്ടാണ് ഉണ്ടാക്കുന്നത്. പിന്നെ പോഷക ഗുണമടങ്ങിയ ആഹാരവുമാണ്.

ഞങ്ങളെക്കൊണ്ട് സാധിക്കുന്ന തരത്തിലെല്ലാം ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ മുമ്പും ഇടപെട്ടിട്ടുണ്ട്. ഇത്തരം ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. അത്രയേ ഉള്ളൂ,” കൊച്ചിയില്‍ ഹോം അപ്ലയന്‍സസ് വ്യാപാരിയായ ജയന്ത് പറഞ്ഞു.

Related posts