ആ ഓലപ്പുര ഒരു വീടാക്കും! കൃപേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്‍കും; ദൗത്യം ഏറ്റെടുത്ത് ഹൈബി ഈഡന്‍ എംഎല്‍എ

പെരുവയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു എന്നതിനേക്കാളുപരിയായി കേരള മനസാക്ഷിയെ ഞെട്ടിച്ചതും സങ്കടപ്പെടുത്തിയതും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കാലെടുത്ത് വയ്ക്കുക മാത്രം ചെയ്തിരിക്കുന്ന യുവാക്കളുടെ ജീവിതത്തിന്റെ അവസ്ഥയായിരുന്നു. ഇരുവരും നിര്‍ദ്ദന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു എന്നതിനേക്കാളുപരിയായി കൃപേഷിന് വീടെന്ന് ഉറപ്പിച്ച് പറയാന്‍ പോലും സാധിക്കാത്ത ഒരു ഓലക്കുടിലാണ് ഉണ്ടായിരുന്നത്. കൃപേഷിന്റെ വീട്ടിലെത്തിയ നേതാക്കള്‍ക്കു പോലും അത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിവിധ മാധ്യമങ്ങളിലൂടെ കൃപേഷിന്റെ വീടിന്റെ അവസ്ഥ കണ്ടവര്‍ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് വച്ചു നല്‍കുമെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുള്ള വീടെന്ന കൃപേഷിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞു.

Related posts