പെണ്‍മക്കളുള്ള പുരുഷന്മാരില്‍ സ്ത്രീ പുരുഷ വിവേചനം തീര്‍ത്തും കുറവ്! സ്ത്രീകളോടുള്ള അവരുടെ മനോഭാവവും വളരെ മികച്ചത്; ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

ലിംഗസമത്വത്തിന് വേണ്ടി വലിയ പോരാട്ടങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. സ്ത്രീകളെക്കുറിച്ച് കാലങ്ങളായി സമൂഹത്തിനുള്ള ധാരണ മാറ്റി പുരുഷന്മാര്‍ക്കൊപ്പം അംഗീകാരങ്ങളും അവസരങ്ങളും തങ്ങള്‍ക്കും ലഭിക്കണമെന്ന അവകാശവാദമാണ് ഇന്ന് സ്ത്രീകള്‍ ഉന്നയിക്കുന്നത്. ഇത്തരത്തില്‍ സമത്വത്തിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കുറേയേറെ ആളുകള്‍ ഇപ്പോഴും സമത്വവാദത്തെ എതിര്‍ക്കുന്നവരാണ്.

എന്നാല്‍ സ്ത്രീ പുരുഷ വിവേചനം എത്ര തീവ്രതയില്‍ മനസില്‍ സൂക്ഷിക്കുന്ന പുരുഷനാണെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ആ വിവേചന മനോഭാവം മനസില്‍ നിന്ന് അപ്രത്യക്ഷമാവുമെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഒരു പെണ്‍കുട്ടിയെ പിതാവായി മാറിക്കഴിഞ്ഞാല്‍ സ്ത്രീ പുരുഷ വിവേചനത്തെക്കുറിച്ച് എത്ര വലിയ പരമ്പരാഗത ചിന്തകള്‍ മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണെങ്കിലും അയാള്‍ തീര്‍ച്ചയായും ആ ചിന്തകള്‍ ഉപേക്ഷിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. Mighty Girl Effect എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഭാസം ഒരു പുരുഷനില്‍ സംഭവിക്കുന്നത്, തന്റെ പെണ്‍കുട്ടി വളര്‍ന്നു വരുന്ന കാലഘട്ടത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ്. ഓക്‌സ്‌ഫോഡ് എക്കണോമിക് പേപ്പേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

5000 ത്തോളം പുരുഷന്മാരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കുടുംബത്തിനുവേണ്ടി പണം സമ്പാദിക്കുക എന്നത് പുരുഷന്റേയും കുടുംബത്തെ പരിപാലിക്കുക എന്നത് സ്ത്രീകളുടെയും ദൗത്യമായാണ് നിശ്ചിത ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടതെങ്കില്‍ പെണ്‍മക്കളുള്ള പിതാക്കന്മാരില്‍ ആരും തന്നെ സ്ത്രീകളുടെ കാര്യത്തില്‍ പരമ്പരാഗത ചിന്താഗതികളോട് യോജിക്കാന്‍ തയാറായില്ല. പെണ്‍മക്കള്‍ വളരുന്നതിനനുസരിച്ച് പുരുഷന്മാരുടെ സ്ത്രീകളോടുള്ള മനോഭാവത്തിന് മികച്ച പുരോഗതി ഉണ്ടാവുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിലൂടെ അനുമാനിക്കപ്പെടുന്നത്.

Related posts