മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII – Facial nerve) കാരണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും.
സങ്കീര്‍ണതകള്‍
· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.
· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.
· കണ്ണുകള്‍ ചിമ്മുക
· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.
ചികിത്സാരീതികള്‍
· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍ സ്വീകരിക്കുക, ഫിസിയോതെറാപ്പി, കണ്ണിന്റെ സംരക്ഷണം എന്നിവയാണ് പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍.
· വളരെ അപൂര്‍വമായി മാത്രം ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാം.
കണ്ണിന്റെ സംരക്ഷണം
· കണ്ണിലെ വരള്‍ച്ച ഒഴിവാക്കുന്നതിനായി
ദിവസവും lubricating eye drops ഉപയോഗിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്മെന്റും ഉപയോഗിക്കേണ്ടതായി വരാം.
· പുറത്തുപോകുമ്പോള്‍ പൊടി, സൂര്യപ്രകാശം എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നതിനായി കണ്ണട / ഗോഗിൾ സ് ഉപയോഗിക്കുക.
· രാത്രി ഉറങ്ങുമ്പോള്‍ കണ്ണ് മറയ്ക്കുന്നതിനായി ഐ മാസ്ക് ഉപയോഗിക്കുക.
മരുന്നുകള്‍
സാധാരണയായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികള്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, ആന്റിവൈറല്‍ എന്നിവയാണു നല്‍കുന്നത്.
(തുടരും)
വിവരങ്ങൾ:
ശ്രീദേവി
എച്ച്ഒഡി
ഫിസിയോതെറാപ്പി വിഭാഗം
എസ്യുടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
