ഇടുക്കി ഡാം തുറന്നത് 26 വര്‍ഷത്തിനുശേഷം, 15000 തൊഴിലാളികള്‍ ജോലിചെയ്ത പദ്ധതി നിര്‍മ്മാണത്തിനിടെ മരിച്ചത് 85 പേര്‍, അറിയാം ഏഷ്യയിലെ ഏറ്റവും വലിയ ഡാമിന്റെ ചരിത്രം ഇങ്ങനെ

26 വര്‍ഷത്തിനിടെ ഇടുക്കി ഡാം തുറന്നു. ഈ നൂറ്റാണ്ടിലെ ആദ്യത്തെ തുറക്കല്‍. ഡാം നിര്‍മിച്ചശേഷം മൂന്നാം തവണ മാത്രമാണ് ഡാം തുറന്നുവിട്ടത്. ഇതിനുമുമ്പ് 1992ലായിരുന്നു ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര.

1922 ഇല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി.

പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1937ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി.

1961-ല്‍ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു.1969 ഏപ്രില് 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. കാനഡ സര്‍ക്കാരിന്റെ ലോണും സഹായവും ഉപയോഗിച്ചാണ് ഇടുക്കി ഡാം പണി പൂര്‍ത്തീകരിച്ചത്. എസ എന്‍ സി കാനഡ എന്ന കമ്പനിയാണ് കാനേഡിയന്‍ സര്‍ക്കാരിന് വേണ്ടി നിര്മ്മാണ സമയത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.

കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1973 ഫെബ്രുവരി മാസം മുതല്‍ ഇടുക്കി ഡാമില്‍ ജലം സംഭരിച്ചു തുടങ്ങി. 1975 ഒക്ടോബര് നാലിന് ഇടുക്കി വൈദ്യതി പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തി. 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടുക്കി ജലവൈധ്യുതി പദ്ധതി നാടിനു സമര്‍പ്പിച്ചു.

(എഴുത്തിനും ചിത്രങ്ങള്‍ക്കും കടപ്പാട്)

Related posts