എല്ലാം ശരിയാക്കുന്നുണ്ട്..! പത്തിരട്ടി ഫീസ് വർധന; ഇനി വീടുപണി പൊള്ളും

പെർമിറ്റ് അപേക്ഷ ഫീസുകൾ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് വീടു നിർമാണത്തിനുള്ള ഫീസ് ഇനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധന.

നിർമാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വർധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെ ബാധിക്കും. 

പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടി) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം.

നഗരസഭകളിൽ  555 രൂപയിൽ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാകും. കോർപറേഷനുകളിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാണു വർധിക്കുക. 

250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും നഗരസഭകളിൽ 1780 രൂപയിൽ നിന്ന് 31,000 രൂപയായും ഫീസ് ഉയരും.

കോർപറേഷനുകളിൽ ഇതു 2550 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 38500 രൂപയിലേക്കാണു കുതിക്കുക. തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ മാസം 10 മുതലാണു വർധന നടപ്പാക്കുക.

അതേസമയം, വർധന നിയമപ്രകാരം നടപ്പാകണമെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, െകട്ടിടനിർമാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്കരിച്ചു വിജ്ഞാപനം ചെയ്യണം. 

കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള ഫീസുകൾ വർധിപ്പിച്ചതോടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 150 ചതുരശ്ര മീറ്റർ (ഏകദേശം 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ വരുന്ന വർധന.

ഗ്രാമപ​ഞ്ചായത്ത് 

∙പഴയ നിരക്ക് – അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ / ച. മീ ) : 1050 (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50 % ഇളവ് ബാധകമാകുമ്പോൾ െപർമിറ്റ് ഫീസ് : 555 രൂപ) = അപേക്ഷകൻ ആകെ അടയ്ക്കേണ്ടത് 555 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (50 രൂപ/ ച. മീ) : 7500 = ആകെ 8509 രൂപ. 

മുനിസിപ്പാലിറ്റി 

∙പഴയ നിരക്ക് : അപേക്ഷാഫീസ് 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ / ച. മീ ) :1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50 % ഇളവ് ബാധകമാകുമ്പോൾ െപർമിറ്റ് ഫീസ് : 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ ച. മീ) : 10,500 = ആകെ 11,500 രൂപ. 

കോർപറേഷൻ 

∙പഴയ നിരക്ക് : അപേക്ഷാഫീസ് 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ / ച. മീ ) :1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50 % ഇളവ് ബാധകമാകുമ്പോൾ െപർമിറ്റ് ഫീസ് : 750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ ച. മീ) : 15,000 = ആകെ 16,000 രൂപ. 

250 ചതുരശ്ര മീറ്റര്‍ (ഏകദേശം 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ വരുന്ന വർധന

ഗ്രാമപ്പഞ്ചായത്ത്

∙പഴയ നിരക്ക് : അപേക്ഷാഫീസ് 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ / ച. മീ ) :1750 രൂപ  = ആകെ 1780 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ ച. മീ) : 25,000 രൂപ = ആകെ 26,000 രൂപ. 

മുനിസിപ്പാലിറ്റി

∙പഴയ നിരക്ക് : അപേക്ഷാഫീസ് 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ / ച. മീ ) :1750 രൂപ  = ആകെ 1780 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ ച. മീ) : 30,000 = ആകെ 31,000 രൂപ. 

കോർപറേഷൻ

∙പഴയ നിരക്ക് : അപേക്ഷാഫീസ് 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ / ച. മീ ) :2500 രൂപ = ആകെ 2550 രൂപ.

∙പുതുക്കിയ നിരക്ക് : അപേക്ഷാഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ ച. മീ) : 37,500 = ആകെ 38,500 രൂപ. 

ലേ ഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ് (കെട്ടിടത്തിന്റെ തരം, വർധിപ്പിക്കുന്ന നിരക്ക് ക്രമത്തിൽ)

താമസ ആവശ്യത്തിനുള്ളവ : 3 രൂപ / ചതുരശ്ര മീറ്റർ

വ്യവസായം : 4 രൂപ / ച.മീ 

വാണിജ്യം :   4 രൂപ / ച.മീ 

മറ്റുള്ളവ :  3 രൂപ / ച.മീ 

Related posts

Leave a Comment