ചേർത്തല: ആധുനിക ലോകം നേരിടുന്ന വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരേ ശക്തമായ പ്രതിരോധമുയർത്താൻ കനോഷ്യൻ സഭയുടെ കീഴിലുള്ള പ്രൊവിൻസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് – ഇന്ത്യ സൗത്ത് മുൻകൈയെടുക്കുന്നു.
സഭയുടെ സോഷ്യൽ ആക്ഷൻ മിനിസ്ട്രിയും എഡ്യൂക്കേഷൻ മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച നോട്ട് ഫോർ സെയിൽ എന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഉല്ലാസ് മാത്യു നിർവഹിച്ചു.
സഭയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബുകൾ രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. വിദ്യാർഥികളിലും യുവജനങ്ങളിലും ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഇത്തരം ക്ലബുകളിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി മനുഷ്യക്കടത്തിനെതിരേയുള്ള വിപുലമായ ബോധവത്കരണ ക്ലാസുകളും സോഷ്യൽ ആക്ഷൻ മിനിസ്ട്രി ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക കർമപദ്ധതികളുടെ രൂപീകരണവും നടന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, കനോഷ്യൻ സ്കൂളുകളിലെ അധ്യാപകർ, സന്യസ്തർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ അന്തസും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.
