ഉപ്പുതറ: ഹൈക്കോടതിയിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും കേസ് നിലവിലുള്ള ഭൂമി ലേലം ചെയ്യാൻ കേരള ബാങ്ക്. കർഷകനായ മേച്ചേരിൽ ബാബുവിന്റെ ഭൂമിയാണ് ചൊവ്വാഴ്ച കേരള ബാങ്ക് ലേലം ചെയ്യുന്നത്. ഇതോടെ രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത ഉപ്പുതറയിലെ ഭൂമിപ്രശ്നം വീണ്ടും രൂക്ഷമായി.
രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ ഉപ്പുതറ വില്ലേജിലെ ആറ് സർവേ നമ്പരിലെ ഭൂമിയുടെ കരമടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതും 2016ൽ റവന്യൂവകുപ്പ് തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം. ഇതോടെ ഭൂമി ഈടിന്മേൽ പുതിയ വായ്പ എടുക്കാനോ പഴയത് പുതുക്കാനോ കഴിയാതെ കർഷകർ വലയുകയാണ്. നിരവധി കർഷകർ ജപ്തി ഭീഷണിയിലുമാണ്. ഇങ്ങനെ വായ്പ തിരിച്ചടവിൽ മുടക്കംവന്ന മേച്ചേരിൽ ബാബുവിന്റെ പേരിലുള്ള ഭൂമിയാണ് കേരളബാങ്ക് ലേലം ചെയ്യുന്നത്. 2013ൽ 10 ലക്ഷം രൂപ വസ്തു ഈടിന്മേൽ ബാബു വായ്പയെടുത്തിരുന്നു. ഇതിൽ ഏഴ് ലക്ഷം രൂപ തിരിച്ചടച്ചു.
2017ൽ ഇതേ വസ്തു ഈടിൽ 10 ലക്ഷം രൂപ കൂടി ബാങ്ക് വായ്പ അനുവദിച്ചു. അതിൽ ആറരലക്ഷം രൂപ അതേ മാസം തന്നെ ബാങ്കിൽ തിരിച്ചടച്ചു. ഇതിന് ശേഷമാണ് ഭൂമി വിഷയത്തിൽ പ്രതിസന്ധികൾ ഉണ്ടായത്. ഭൂമിയുടെ കരമടയ്ക്കാനോ നിജസ്ഥിതി, ലൊക്കേഷൻ സ്കച്ച് തുടങ്ങിയ നിയമപരമായ രേഖകൾ നൽകാനോ റവന്യുവകുപ്പ് തയാറായില്ല. ഇതോടെ വായ്പ പുതുക്കാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ പ്രളയം, കോവിഡ്, ഹൃദയസംബന്ധമായ ശസ്ത്രക്രിയ തുടങ്ങിയ കാരണങ്ങളാൽ ഭൂമിയുടെ ബാധ്യത തീർക്കാൻ കഴിഞ്ഞില്ല. 2023ൽ ബാബുവിന്റെ അമ്മയുടെ പേരിലുള്ള ഭൂമി ഈടുവച്ച് മറ്റൊരു ബാങ്കിൽനിന്നു വായ്പയ്ക്ക് ശ്രമിച്ചെങ്കിലും രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിലെ കുരുക്ക് കാരണം അതിനു കഴിഞ്ഞില്ല. അതിനിടെ ബാബുവിന്റെ ഭൂമി ജപ്തി ചെയ്തു. ഈ ഭൂമിയാണ് ബാങ്ക് ചൊവ്വാഴ്ച ലേലം ചെയ്യുന്നത്.
