ഇടുക്കി ഡാം തുറക്കുമ്പോള്‍ മീന്‍ ചാകര കാത്ത് ആകാംക്ഷയോടെ ആളുകള്‍, ചെറുതോണി ടൗണില്‍ ലോഡ്ജുകള്‍ നിറഞ്ഞു കവിഞ്ഞു, നഗരത്തില്‍ ഓണത്തെ വെല്ലും കച്ചവടം, കുശാലാക്കി നാട്ടുകാരും, ആശങ്കയോടെ പുഴയോരത്തുള്ളവര്‍

ടി.പി. സന്തോഷ്‌കുമാര്‍

ഇടുക്കി അണക്കെട്ട് നാളെ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവേ ഒരുവിഭാഗം ജനങ്ങളില്‍ ആശങ്ക ഒഴിയാത്തപ്പോള്‍ മറ്റൊരു വിഭാഗത്തിന് ഡാം തുറക്കല്‍ ആഹ്ലാദത്തിന്റേതാകും. വെള്ളം പെരിയാറിലൂടെ ഒഴുകിപ്പോയാല്‍ ഇതിന്റെ താഴ്ഭാഗത്തു തീരമേഖലകളില്‍ കൃഷി ചെയ്തിരിക്കുന്ന കര്‍ഷകരാണ് ആശങ്കപ്പെടുന്നത്.

എന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്‌പോള്‍ നിമിഷാര്‍ധംകൊണ്ടു പുറത്തേക്കു ചാടിയെത്തുന്ന മല്‍സ്യസമ്പത്തിലേക്കു കണ്ണുനട്ടാണ് മറ്റൊരു ജനവിഭാഗം കാത്തിരിക്കുന്നത്. കൂടാതെ അണക്കെട്ട് തുറക്കുന്‌പോഴുള്ള അപൂര്‍വ ദൃശ്യം കണ്ണുകളിലേക്ക് ആവാഹിക്കാന്‍ കാത്തിരിക്കുന്നവരും ആവേശത്തിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നതിനാല്‍ ചെറുതോണി, ഇടുക്കി ടൗണുകള്‍ ഇപ്പോഴേ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അണക്കെട്ടു തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

മീന്‍വരവ്

1992-ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല. അന്പതും എണ്‍പതും കിലോയുള്ള വന്പന്‍ മല്‍സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്കു ചാടിയത്. ഉയരത്തില്‍നിന്നു താഴേക്കുള്ള വെള്ളത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രഹരത്തില്‍ ഒട്ടേറെ മല്‍സ്യങ്ങള്‍ ചത്തു മലച്ചു.

പുഴയില്‍ ചത്തു പൊങ്ങിയ മത്സ്യങ്ങള്‍ ചാകര പോലെയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. പുഴയില്‍ മീന്‍ പിടിക്കാന്‍ ചാടിയവരെ നിയന്ത്രിക്കാന്‍ പോലീസിനു പോലുമായില്ല. അണക്കെട്ട് തുറക്കുന്നതു കാണാനെത്തിയ സന്ദര്‍ശകര്‍ നാട്ടുകാരില്‍നിന്നു മത്സ്യയങ്ങള്‍ വില.യ്ക്കു വാങ്ങി കൊണ്ടു പോയി. ഡാം തുറന്നാല്‍ ഈ ചാകരക്കൊയ്ത്ത് വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മീന്‍പിടിക്കാനുള്ള എല്ലാ തയാറെടുപ്പമായി കാത്തിരിക്കുകയാണു ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍.

ടൗണില്‍ തിരക്കേറി

ഡാം നാളെ തുറന്നേക്കുമെന്ന വിവരം പുറത്തുവന്നതോടെ ചെറുതോണി ടൗണില്‍ വലിയ തിരക്കായി. ഡാം തുറക്കുന്ന അസുലഭ മുഹൂര്‍ത്തം കാണാനായി ഒട്ടേറെ സന്ദര്‍ശകര്‍ ടൗണിലെ ലോഡ്ജുകകളിലും മറ്റും വന്നു തന്പടിച്ചിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കായി.

ഇതിനിടെ ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകിയെത്തുന്ന മേഖലകള്‍ ഉള്‍പ്പെടുന്ന അഞ്ചു പഞ്ചായത്തുകളില്‍ വിനോദ സഞ്ചാരത്തിനു ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വാഴത്തോപ്പ്, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് വിനോദ സഞ്ചാരത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡാം തുറക്കുമ്പോള്‍ ഫോട്ടോയെടുക്കുന്നതിനും മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്.

കര്‍ഷകര്‍ക്കു നെഞ്ചിടിപ്പ്

അണക്കെട്ട് തുറക്കുന്‌പോള്‍ തീരപ്രദേശങ്ങളില്‍ വിവിധ വിളകള്‍ കൃഷി ചെയ്തിരിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. ഇവരുടെ നെഞ്ചില്‍ തീയാണ്. മഴ നിലക്കണേയെന്ന പ്രാര്‍ഥനയിലാണ് താഴ്വരയിലുള്ള ഈ കര്‍ഷകര്‍. നെല്ല്, കപ്പ, വാഴ ഉള്‍പ്പെടെയുള്ള തന്നാണ്ട് കാര്‍ഷിക വിളകളാണ് ഇവര്‍ കൃഷി ചെയ്തിരിക്കുന്നത്. 26 വര്‍ഷം മുന്‍പ് ഡാം തുറന്നപ്പോള്‍ വിളനാശം സംഭവിച്ച ഒട്ടേറെ കര്‍ഷകര്‍ ഉണ്ടായിരുന്നു. 2013ല്‍ അണക്കെട്ട് തുറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായപ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ പറിച്ചു മാറ്റിയിരുന്നു. എന്നാല്‍, മഴ മാറി നീരൊഴുക്കിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഡാം തുറക്കല്‍ അന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

Related posts