ആ സ്ത്രീകള്‍ എന്തിനാണ് പ്രകോപിതരായതെന്നറിയില്ല! എന്തുതന്നെയായാലും ഇതല്ല പ്രതിരോധം, ഇതല്ല തന്റേടം; താനും അവനോടൊപ്പമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും

സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് വനിതകളുടെ പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാഗ്യലക്ഷ്മി എടുത്ത ചില നിലപാടുകള്‍ സമൂഹം ശരിവച്ചിരുന്നതാണ്. എന്നാലിപ്പോഴിതാ നേരെ തലതിരിഞ്ഞ ഒരു കേസ് എത്തിയിരിക്കുന്നു. കൊച്ചിയില്‍ തന്നെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഒരു ഡ്രൈവറെ മര്‍ദ്ദിച്ച സംഭവമാണത്.

സംഭവം ഏറെ വിവാദമായതോടെ കടുത്ത ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് പോലും ഡ്രൈവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. പ്രസ്തുത വിഷയത്തില്‍ ഭാഗ്യലക്ഷ്മിയ്ക്കുള്ള അഭിപ്രായവും വിഭിന്നമല്ല. ഇവിടെ ഡ്രൈവറുടെ ഭാഗത്ത് തന്നെയാണ് ശരിയെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നുമാണ് ഭാഗ്യലക്ഷ്മിയും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ആ മനുഷ്യന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ നാല് സ്ത്രീകള്‍ ഇത്രയ്ക്ക് പ്രകോപിതരായത് എന്നറിയില്ല. എന്തുതന്നെയായാലും ഇതല്ല പ്രതിരോധം. ഇതല്ല സ്ത്രീ സമത്വം. ഇതല്ല തന്റേടം. ഇത് സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഈ അനീതി ചെയ്തവരെ സ്ത്രീകള്‍ പോലും പിന്തുണയ്ക്കില്ല. ഈ വിഷയത്തില്‍ ഞാന്‍ അവനോടൊപ്പം.

 

Related posts