രാജ്യത്തെ എടിഎം പണമിടപാടുകളില്‍ മാറ്റം വരുന്നു! പുതിയരീതി മൂന്നോ നാലോ മാസത്തിനുള്ളില്‍; എന്‍സിആര്‍ പുറത്തിറക്കുന്നത് മള്‍ട്ടി ഫംഗ്ഷന്‍ എടിഎമ്മുകള്‍

രാജ്യത്തെ എടിഎം പണമിടപാടുകളില്‍ വലിയ രീതിയില്‍ മാറ്റം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ നടക്കാത്തതിനാല്‍ രാജ്യത്തെ പകുതിയിലധികം എടിഎമ്മുകളും അടച്ചുപൂട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ നിലവിലുള്ള എടിഎമ്മുകള്‍ക്ക് പകരം പുതിയ അത്യാധുനിക സംവിധാനത്തോടെയുള്ള എടിഎമ്മുകള്‍ വരും എന്ന വാര്‍ത്ത പുറത്തായിരിക്കുന്നത്. പണമിടപാടുകള്‍ക്കായി അതിനൂതന സംവിധാനം നടപ്പാക്കുമെന്ന് എന്‍സിആര്‍ കോര്‍പറേഷനാണ് അറിയിച്ചത്.

രാജ്യത്ത് വരാനിരിക്കുന്ന മള്‍ട്ടി ഫംഗ്ഷന്‍ എടിഎമ്മുകള്‍ക്ക് മുഖം തിരിച്ചറിയല്‍, ബയോമെട്രിക്‌സ് തുടങ്ങിയ നൂതനമായ സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. പണം കൈമാറ്റം ചെയ്യുന്നതിനും പണവും ചെക്കുകളും ഡെപ്പോസിറ്റു ചെയ്യുന്നതിനും ഉപഭോക്താവിനെ സഹായിക്കാനും ഈ സംവിധാനം വഴി സാധിക്കും. പണം നിക്ഷേപിച്ച് വിതരണം ചെയ്യാനുള്ള യന്ത്രം മാത്രമായിരിക്കില്ല പുതിയ എടിഎമ്മെന്ന് ചുരുക്കം.

രാജ്യത്തെ എടിഎമ്മുകളിലെ 50 ശതമാനവും കൈകാര്യം ചെയ്യുന്നത് എന്‍സിആര്‍ ആണ്. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം എടിഎം ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ ടെക്‌നോളജിയിലൂടെ എടിഎം പരിഷ്‌കരിച്ചാല്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് ഒന്‍പത് ശതമാനം ഉയര്‍ത്താനാകും. കൂടാതെ ക്യാഷ്ലെസ് ഇടപാടുകള്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍സിആര്‍ പ്രതീക്ഷിക്കുന്നത്. അതിനൂതന സോഫ്‌റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും ഉപയോഗിച്ചാണ് ഇവ നടപ്പാക്കുന്നതെന്നാണറിയുന്നത്.

 

 

Related posts