ഈ വിദേശ മണ്ണില്‍ ഞങ്ങള്‍ ജീവിക്കുന്നത് കൂടെപ്പിറപ്പുകളേക്കാള്‍ സ്‌നേഹത്തിലും ഐക്യത്തിലും! ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിനിടെ വിദേശികളായ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും പറയുന്നു

ഏതാനും ദിവസങ്ങളായി ഇന്ത്യ-പാക് സംഘര്‍ഷങ്ങളും അതിനിടയിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏറ്റുമുട്ടലുകളുമെല്ലാമാണ് രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ജനത്തിനുണ്ട്. പാക്കിസ്ഥാനിലും സാധാരണക്കാരുടെയിടയില്‍ സമാനമായ ആശങ്കകളായിരിക്കും നിലനില്‍ക്കുന്നത്.

എന്നാല്‍ ഈ സാഹചര്യത്തില്‍ യുഎഇയില്‍ വിദേശികളായ ഏതാനും ഇന്ത്യക്കാരുടെയും പാക്കിസ്ഥാനികളുടെയും വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ തങ്ങളിവിടെ കൂടെപ്പിറപ്പുകളേക്കാള്‍ സ്‌നേഹത്തിലും ഐക്യത്തിലുമാണ് കഴിയുന്നതെന്നാണ് ഇവര്‍ പറയുന്നത്. പലരും തങ്ങളെങ്ങനെയാണ് പരസ്പരം മനസിലാക്കുന്നതെന്നും സ്‌നേഹിക്കുന്നതെന്നും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.

ഒരു പായയില്‍ ഉറങ്ങി, ഒരു പാത്രത്തില്‍ നിന്ന് ഉണ്ട് എന്നൊക്കെ പറയുന്നതുപോലെ ഈ അന്യനാട്ടില്‍ പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്കുവച്ച് ഞങ്ങള്‍ കഴിയുന്നതുപോലെ ഇരുരാജ്യങ്ങളും പരസ്പരം മനസിലാക്കി മുന്നോട്ട് പോകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. മനുഷ്യന്‍ എന്നതിനപ്പുറം മറ്റ് വേര്‍തിരിവുകള്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് അവര്‍ ആവശ്യപ്പെടുന്നതും. തങ്ങളുടെ കാര്യം മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍ ഇതുപോലെ ഇരു രാജ്യങ്ങളിലെയും ആളുകള്‍ ഒരുമയോടെ ജീവിക്കുന്നുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related posts