അര്‍ഹതയുണ്ടായിരുന്നപ്പോള്‍ നല്‍കിയില്ല! ഇത്തവണ അദ്ദേഹത്തേക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ ഉണ്ടായിരുന്നു; പ്രസ്താവന വിവാദമായപ്പോള്‍ ഇന്ദ്രന്‍സിനോട് മാപ്പുപറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനു നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിമര്‍ശനമേറിയപ്പോള്‍ നിരുപാധികം മാപ്പും ചോദിച്ചു. സനലിന്റെ വിവാദമായ പ്രതികരണം ഇങ്ങനെ,

”സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് (ഇന്ദ്രന്‍സ്) പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും നല്‍കിയില്ല. ഇത്തവണ അദ്ദേഹത്തെക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും പുരസ്‌കാരം നല്‍കാതെ ഇന്ദ്രന്‍സിനു നല്‍കി. അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. അപ്പോള്‍ ഒരു പുരസ്‌കാരം നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കി ഈ പറയുന്ന വീതംവയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്”.

ഇതിന് മറുപടിയായി ഇന്ദ്രന്‍സിനു പുരസ്‌കാരം നേടിക്കൊടുത്ത ‘ആളൊരുക്കം’ സിനിമയുടെ സംവിധായകന്‍ വി.സി. അഭിലാഷ് പറയുന്നതിങ്ങനെ.. ”ആളൊരുക്കം ഏപ്രില്‍ ആറിനാണു റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്കു മുന്‍പു തിരുവനന്തപുരത്തു പ്രീ വ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ സനല്‍കുമാര്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഷോ നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു താങ്കള്‍ മേല്‍പറഞ്ഞ നിഗമനത്തിലെത്തിയത്? ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍ ആ പ്രകടനം കാണുകപോലും ചെയ്യാതെ അതിനെ അപമാനിക്കുന്നത് അല്‍പത്തരമാണ്. താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ മറ്റെന്തൊക്കെയോ ആണ് എന്ന അഭിപ്രായം ശരിയല്ല”

ഒട്ടേറെപ്പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നപ്പോള്‍ സനല്‍ ഫേസ്ബുക്കിലൂടെ തന്നെ ക്ഷമ ചോദിച്ചു. സനലിന്റെ വിശദീകരണം ഇങ്ങനെ…”ഇന്ദ്രന്‍സിനു കഴിഞ്ഞതവണയൊക്കെ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങള്‍ ഉയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നും ഉദ്ദേശിച്ച് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരത്തിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്നനിലയ്ക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ചായിരുന്നില്ല. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്‍ സിനിമാലോകത്തുതന്നെ അപൂര്‍വമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു”

 

Related posts