വടക്കഞ്ചേരി: ഇക്കുറി നാട്ടുമാവുകൾ പൂത്തുലഞ്ഞ് മാങ്ങാ ഉത്പാദനം റെക്കോർഡിലേക്കു നീങ്ങുമ്പോൾ ചക്കയാണു താരമാകുന്നത്. ചക്കയുടെ മൊത്ത വില്പനവില കിലോയ്ക്ക് ഇപ്പോൾ 15 രൂപയാണ്. 20 രൂപയായിരുന്നതാണ് സീസൺ ആരംഭിച്ചതോടെ അഞ്ചുരൂപകുറഞ്ഞ് ഉയർന്നവില തുടരുന്നത്.
തന്റെ 27 വർഷത്തെ ചക്ക, മാങ്ങാ കയറ്റുമതിയിൽ ചക്കയുടെ മൊത്തവില്പന വില ഇത്രയും ഉയരുന്നത് ഇതാദ്യമാണെന്നു വടക്കഞ്ചേരി ജയഭാരത് തിയേറ്ററിനടുത്ത് ചക്ക കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ ഷാഹുൽഹമീദ് പറഞ്ഞു.
ഇതിനാൽ പ്ലാവ് കർഷകർക്കെല്ലാം ഈ സീസൺ ലാഭ കണക്കുകളാകും. മധുരമൂറുന്ന നല്ല ചക്കയാണെങ്കിൽ ചില്ലറ വില്പനവില ഇതിന്റെ ഇരട്ടിയോളമെത്തും. റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് മൂന്നേക്കറിൽവരെ പ്ലാവുകൃഷി ചെയ്യുന്ന കർഷകർ കിഴക്കഞ്ചേരി വാൽകുളമ്പിലുണ്ട്.
ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കുമുമ്പ് മംഗലംഡാമിൽ ചക്കവിപ്ലവംതന്നെ നടത്തിയിരുന്നു. ഇതിനാൽ പ്ലാവില്ലാത്ത വീടുകളും പറമ്പുകളും ഇല്ലെന്ന സ്ഥിതിയായി.
മാങ്ങയെ അപേക്ഷിച്ച് ഇക്കുറി ചക്ക കുറവുണ്ട്. എന്നാൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ചക്കയ്ക്ക് നല്ല ഓർഡറുണ്ടെന്നു ഷാഹുൽ ഹമീദ് പറഞ്ഞു.
ദിവസം നാലോ അഞ്ചോ വലിയ ലോറി ചക്ക മാത്രം അന്യസംസ്ഥാനങ്ങളിലേക്ക് വടക്കഞ്ചേരിയിൽ നിന്നുമാത്രം കയറ്റിപ്പോകുന്നുണ്ട്. കോൽക്കത്ത, ന്യുഡൽഹി, ഭുവനേശ്വർ, റെയ്പുർ, നാഗ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ ഓർഡർ കൂടുതൽ.
നേപ്പാൾ അതിർത്തി വരെ ഇത്തവണ ചക്ക കയറ്റി പോകുന്നുണ്ടെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങൾക്കുപുറമെ മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ചക്കയും മാങ്ങയും കയറ്റുമതിക്കായി വടക്കഞ്ചേരിയിലെത്തും. പ്രത്യേക പാക്കിംഗ് പ്രക്രിയയ്ക്കുശേഷമാണ് പിന്നീട് കയറ്റിപ്പോകുന്നത്.
- ഫ്രാൻസിസ് തയ്യൂർ
