സൂപ്പര്‍ഹീറോ ജഗ്ദീപ് സിംഗ്, ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിനെ അഴിക്കുള്ളിലാക്കിയ സൂപ്പര്‍ ഹീറോ, ക്രിമിനലുകളുടെയും പെണ്‍വാണിഭക്കാരുടെയും പേടിസ്വപ്‌നം, ജഗ്ദീപ് സിംഗ് എന്ന ന്യായധിപനെ അറിയാതെ പോകരുത്

ഗുര്‍മീത് റാം റഹിം സിംഗ് അഴിക്കുള്ളിലാവുമ്പോള്‍ വിജയം ജഗ്ദീപ് സിംഗ് എന്ന ബുദ്ധിമാനായ ന്യായാധിപന്റെ കൂടിയാണ്. റാം റഹിമിന്റെ അറസ്റ്റോടെ ദേരാ സച്ചാ സൗദായുടെ ആസ്ഥാനമായ പഞ്ചകുലയില്‍ തടിച്ചു കൂടിയ ആളുകള്‍ അക്രമാസക്തരായതോടെ അനേകം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

15 വര്‍ഷം പഴക്കമുള്ള ലൈംഗികാതിക്രമക്കേസില്‍ റാം റഹിമിന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ജഗ്ദീപ് സിംഗ് പയറ്റിയ തന്ത്രങ്ങള്‍ ഇന്ത്യന്‍ കോടതി ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടും. റാം റഹിമിന്റെ അനുയായികളായിരുന്ന രണ്ടു സ്ത്രീകളുടെ പരാതിയിന്മേലായിരുന്നു ഈ കേസ് ഉയര്‍ന്നു വന്നതും ഇപ്പോള്‍ ആള്‍ ദൈവം അകത്തു പോവുന്ന സ്ഥിതി സംജാതമായതും. റാം റഹിമിന് നേരെ ഇത് ആദ്യത്തെ കേസൊന്നുമല്ല. മുമ്പ് പല തവണ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ഭരണതലത്തിലുള്ള സ്വാധീനം കൊണ്ടും ആള്‍ബലം കൊണ്ടും റാം റഹിം തടിയൂരി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇയാള്‍ക്കെതിരേ കേസെടുക്കാനുള്ള ചങ്കൂറ്റം പലര്‍ക്കും ഇല്ലായിരുന്നു എന്നതായിരുന്നു സത്യം.

തനിക്ക് ലൈംഗികശേഷിയില്ലെന്ന റാം റഹിമിന്റെ വാദത്തിന്റെ മുനയൊടിക്കാന്‍ ജഗ്ദീപ് സിംഗ് വളരെ വിദഗ്ധമായാണ് കരുക്കള്‍ നീക്കിയത്. കേസിന്റെ നാള്‍വഴിയില്‍ ജഗദീപിന്റെ ഓരോ നീക്കവും സഹപ്രവര്‍ത്തകരോടു കൂടിയാലോചിച്ചതിന്റെ പരിണിതഫലമായിരുന്നു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ്, സെഷന്‍ ജഡ്ജി എന്നീ ചുമതലകളാണ് സിംഗിന് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജായി ജഗ്ദീപിനെ നിയമിച്ചിരുന്നു. ജുഡീഷല്‍ ഓഫീസറായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം നിയമനമായിരുന്നു അത്.

2012ലാണ് ജഗ്ദീപ് ഹരിയാന ജുഡീഷല്‍ സര്‍വീസില്‍ ചേരുന്നത്. സോനാപത്തിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ഹൈക്കോടതിയുടെ പലവിധത്തിലുള്ള പരിശോധനകള്‍ക്കു ശേഷമായിരുന്നു അദ്ദേഹത്തെ പിന്നീട് സിബിഐ കോര്‍ട്ടില്‍ നിയമിച്ചത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഹൈക്കോടതി ജഡ്ജി എന്ന പരിഗണനയിലാണ് ഇദ്ദേഹത്തിനെ ജുഡീഷല്‍ ഓഫീസറായി നിയമിച്ചത്. വളരെ സാധാരണക്കാരനായും മിതഭാഷിയായുമാണ് ജഗ്ദീപ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ മത്സരവീര്യവും ദൃഢനിശ്ചയവും എത്രയെന്ന് നന്നായി അറിയാം. 2000നും 2012നും ഇടയില്‍ സിവിലും ക്രിമിനലുമായ നിരവധി കേസുകളിലാണ് അദ്ദേഹം നീതി നടപ്പാക്കിയത്.

2000ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം പഠനകാലത്ത് സമര്‍ഥനായ വിദ്യാര്‍ഥിയായാണ് അറിയപ്പെട്ടിരുന്നത്. കഠിന്വാധ്വാനിയും നീതിമാനുമായാണ് പഠിക്കുന്ന കാലത്ത് ജഗ്ദീപ് അറിയപ്പെട്ടിരുന്നതെന്ന് ഹരിയാനയുടെ ജുഡീഷല്‍ ഓഫീസര്‍ പറയുന്നു. 2016ലാണ് ജഗ്ദീപ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഒരു ദിവസം ഹിസാറില്‍ നിന്നു പഞ്ചകുലയിലേക്കു വരികയായിരുന്ന ഇദ്ദേഹം റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ക്ക് രക്ഷകനായി. തക്ക സമയത്ത് അവരെ ജിന്ദിലെ ആശുപത്രിയെത്തിച്ചതു കൊണ്ടു മാത്രമാണ് അന്നവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അന്നത്തെ സംഭവത്തെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നതിങ്ങനെയാണ്. അപകടം സംഭവിച്ച ഉടന്‍തന്നെ അദ്ദേഹം ആംബുലന്‍സ് വിളിച്ചു. വേഗമെത്തണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ‘ ആംബുലന്‍സ് പറന്നു വരുമോ’ എന്നായിരുന്നു ആബുലന്‍സ് ഡ്രൈവറുടെ ചോദ്യം. ഇതേത്തുടര്‍ന്ന് ഒരു സ്വകാര്യവാഹനം കൈകാട്ടി നിര്‍ത്തിയതിനു ശേഷം അദ്ദേഹം തന്നെ പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related posts