മണിയന്‍ പിള്ള രാജുവിന്റെ തമാശ! ജഗദീഷിന്റെ കണ്ണ് നിറച്ച തന്റെ വാക്കുകള്‍ക്ക് രാജു പരിഹാരം ചെയ്തതിങ്ങനെ!

htfhjചില സമയങ്ങളിലെങ്കിലും നാം പറയുന്ന ഫലിതം കേള്‍വിക്കാരെ നന്നായി വേദനിപ്പിക്കാറുണ്ട്. എന്നാല്‍ അതവരെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തില്‍ നാം പറഞ്ഞതായിരിക്കണമെന്നില്ല താനും. അറിയാതെ വായില്‍ നിന്ന് വീഴുന്നതോ അല്ലെങ്കില്‍ ഒരു ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ചിരി ഉണര്‍ത്താന്‍ വേണ്ടി പറഞ്ഞതോ ആയിരിക്കാം അത്. അങ്ങനെ ഒരിക്കല്‍ ഒരു ഫലിതം പറഞ്ഞതാണ് മണിയന്‍പിള്ള രാജു. പക്ഷെ അത് മറ്റൊരാളെ വേദനിപ്പിച്ചു. മണിയന്‍പിള്ള പറഞ്ഞ ഫലിതം മുറിവേല്‍പിച്ചത് മറ്റാരെയുമല്ല, തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നമ്മെയെല്ലാം കുടുകുടെ ചിരിപ്പിച്ച ജഗദീഷിനെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കണ്ണീരിന് മണിയന്‍ പിള്ള രാജു മോക്ഷവും വാങ്ങി. ആ സംഭവം ഇങ്ങനെയാണ്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമയാണ് ചിത്രം. ജഗദീഷ് അക്കാലത്ത് അറിയപ്പെടുന്ന നടനല്ല. ചിത്രത്തില്‍ ഒരു പാസിങ്ങ് കഥാപാത്രം ജഗദീഷിനുണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങി തീരും വരെ ജഗദീഷ് സെറ്റിലുണ്ടായിരുന്നു. നായകനായും സഹനടനായും കഴിവ് തെളിയിച്ച മണിയന്‍പിള്ള രാജുവും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ചെയ്യുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സിലെ ട്വിസ്റ്റ് കഥാപാത്രമായിരുന്നു സോമന്‍. സോമന്‍ മോഹന്‍ലാലിനെ പിടിക്കാന്‍ ഓടുന്ന ഒരു രംഗമുണ്ട്. പക്ഷെ അന്ന് തടിച്ച് കുടവറൊക്കെയുള്ള സോമന് ഓടാന്‍ ഏറെ പ്രയാസമായിരുന്നു. പ്രിയന്‍ ഉടന്‍ ജഗദീഷിനെ ഓടിച്ചു. സോമന്റെ പാന്റും ഷൂസുമിട്ട് ജഗദീഷ് ഓടിത്തുടങ്ങി. ചിത്രത്തില്‍ കാണുന്ന സോമന്റെ ഓട്ടം അരയ്ക്ക് താഴെയുള്ള ഭാഗം ജഗദീഷിന്റേതാണ്.

ഓട്ടം കഴിഞ്ഞതും മണിയന്‍പിള്ള രാജു എല്ലാവരുടെയും മുന്‍പില്‍ വച്ച് ജഗദീഷിനെ ചൂണ്ടിക്കൊണ്ട് ‘ഇവന്‍ വന്നിട്ട് പത്തിരുപത് ദിവസമായിട്ട് ആകെ കിട്ടിയത് കാല് മാത്രമുള്ള ഷോട്ടാണ്. എന്തോന്നടേയ്..’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു. തന്റെ ക്രൂര ഫലിതം കേട്ട് ജഗദീഷിന്റെ കണ്ണ് നിറച്ചോ എന്ന സംശയം മണിയന്‍ പിള്ളയ്ക്ക് തോന്നി. കാലം കടന്ന് പോയി. ജഗദീഷ് നായകനായും സഹതാരവുമായൊക്കെ അഭിനയിച്ച് മലയാളത്തില്‍ തിരക്കുള്ള നടനായി മാറി. വിഷ്ണു ലോകം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍പിള്ളയെക്കാള്‍ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ജഗീഷ് എത്തിയത്. സിനിമയില്‍ മുഴുനീളമുള്ള കഥാപാത്രമായിരുന്നു ജഗദീഷിന്റേത്.

കസ്തൂരി എന്റെ കസ്തൂരി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു പാട്ടിന് മുഴുനീളം ജഗദീഷ് സൈക്കിള്‍ ചവിട്ടണമായിരുന്നു. ജഗദീഷിനാണെങ്കില്‍ അന്ന് രാത്രിയത്തെ ഫ്‌ളൈറ്റില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തണം. ജഗദീഷും സംവിധായകന്‍ കമലും സീന്‍ തീരാതെ ധര്‍മ സങ്കടത്തില്‍ നില്‍ക്കുമ്പോള്‍ മണിയന്‍ പിള്ള രാജു വന്നു പറഞ്ഞു, ‘ജഗദീഷ് ക്ലോസപ് സീന്‍ മുഴുവന്‍ തീര്‍ത്തിട്ട് പോകൂ, സൈക്കിള്‍ ഞാന്‍ ചവിട്ടിക്കൊള്ളാം’ എന്ന്. രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ ആറ് മണിക്ക് ഷൂട്ടിങ് തീരുവോളം ജഗദീഷിന്റെ വേഷമിട്ട് രാജു സൈക്കിള്‍ ചവിട്ടി. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ കമല്‍ മണിയന്‍പിള്ള രാജുവിന്റെ അടുത്ത് വന്ന് പറഞ്ഞു, ‘രാജു, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെയുള്ള സഹായം ചെയ്യുന്നവര്‍ വളരെ കുറവാണ്’. ‘ഇത് സഹായമല്ല.. ‘ചിത്ര’ത്തിന്റെ സെറ്റില്‍ വീണ ജഗദീഷിന്റെ കണ്ണീരിനോടാണ് ഇന്നലെ രാത്രി മുഴുവന്‍ സൈക്കിള്‍ ചവിട്ടി ഞാന്‍ മോക്ഷം വാങ്ങിയത്’ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മറുപടി.

Related posts