കാസർഗോഡ്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വർണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്.
