ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ എന്തുചെയ്യും! സൈന്യത്തില്‍ വിവേചനമുണ്ട്; വീഡിയോയുമായി സിആര്‍പിഎഫ് ജവാന്‍

jeet_1201

ന്യൂഡല്‍ഹി: സൈന്യത്തില്‍ വിവേചനമുണ്ടെന്ന ആരോപണവുമായി സിആര്‍പിഎഫ് ജവാന്‍ രംഗത്ത്. പട്ടാളക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ധസൈനികര്‍ വലിയ വിവേചനങ്ങള്‍ നേരിടുന്നുവെന്നാണ് സിആര്‍പിഎഫ് ജവാന്‍ ജീത്ത് സിംഗ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നത്. നേരത്തെ, തങ്ങള്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷമാണ് നല്‍കുന്നതെന്ന ആരോപണവുമായി ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് രംഗത്തെത്തിയിരുന്നു.

സിആര്‍പിഎഫിന്റെ സേവനങ്ങള്‍ ലഭിക്കാത്ത സ്ഥലങ്ങളില്ല. ലോക്‌സഭാ–രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും എന്തിന് ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും വിഐപി സുരക്ഷയ്ക്കും പാര്‍ലമെന്റ്, എയര്‍പോര്‍ട്ടുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍… ഒരിടത്തും സിആര്‍പിഎഫിന്റെ സഹായ ഹസ്തങ്ങള്‍ എത്താത്തതായില്ല. എന്നാല്‍ പട്ടാളക്കാര്‍ക്കും സമാന്തര സൈനിക വിഭാഗത്തിനും ലഭിക്കുന്ന സൗകര്യങ്ങളും ശമ്പളവും സിആര്‍പിഎഫ് സൈനികരുമായി താരതമ്യം ചെയ്യുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തും– ജീത്ത് സിംഗ് വീഡിയോയില്‍ പറയുന്നു.

സൈന്യത്തിന് പെന്‍ഷന്‍ ലഭിക്കുമ്പോള്‍ തങ്ങള്‍ക്കു പെന്‍ഷന്‍ പോലുമില്ലെന്നും ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ തങ്ങളെന്തുചെയ്യുമെന്നും ജീത്ത് സിംഗ് വീഡിയോയില്‍ ചോദ്യമുന്നയിക്കുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ മൗണ്ട് അബുവിലുള്ള സിആര്‍പിഎഫിന്റെ ഇന്റേണല്‍ സെക്യൂരിറ്റി അക്കാദമിയില്‍നിന്നാണ് ജവാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മാസം പോസ്റ്റ് ചെയ്ത വീഡിയോ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തലോടെയാണ് മാധ്യമശ്രദ്ധ നേടുന്നത്.

Related posts